മൂവാറ്റുപുഴ: കാലവർഷത്തെ തുടർന്ന് ജില്ലയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് ധന സഹായം വേഗത്തിൽനൽകണമെന്ന് എൽദോ എബ്രഹാം എം.എൽ.എ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാറിനെ കണ്ട് ആവശ്യപ്പെട്ടു. ജില്ലയിൽ 128.46 കോടി രൂപയുടെ കൃഷി നാശമാണ് കണക്കാക്കിയത്. സർക്കാരിന്റെ കണക്ക് പ്രകാരം നഷ്ടപരിഹാരത്തുകയായി ജില്ലയിൽ നൽകുന്നത് 21.17 കോടി രൂപയാണ്. ജില്ലയിൽ പഴയ കുടിശികയിനത്തിൽ 7.18 കോടി രൂപ നൽകാനുണ്ട്. തുക അടിയന്തിരമായി അനുവദിക്കണമെന്ന് എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു. ഭൂരിഭാഗം കർഷകരും വിള ഇൻഷ്വറൻസ് ഇല്ലാത്തവരാണ്. ഓണത്തിന് മുമ്പായി നഷ്ടപരിഹാരം വിതരണം ചെയ്യുകയാണങ്കിൽ കർഷകർക്ക് ഏറെ ഗുണകരമാകുമെന്നും എൽദോ എബ്രഹാം എം.എൽ.എ മന്ത്രിയെ അറിയിച്ചു.