കോലഞ്ചേരി: മൂവാറ്റുപുഴയിൽ നിന്ന് ജില്ലാ ഭരണ കേന്ദ്രത്തിലേയ്ക്ക് എത്തുന്ന പ്രധാന റോഡായ പട്ടിമറ്റം നെല്ലാടുവഴി യാത്ര ചെയ്യുന്നവർ വഴിയേത് കുഴിയേത് എന്നറിയാതെ കുഴയുന്നു. അത്ര കണ്ട് കുഴിയാണ് റോഡിൽ. ഈ ആറുകിലോമീറ്റർ ദൂരം താണ്ടാൻ പെടാപ്പാടാണ്. ബി.എം ബി.സി നിലവാരത്തിൽ പുതുക്കി നിർമ്മിക്കാനായി ടെൻഡർ നടപടികളിലേയ്ക്ക് കടന്ന റോഡായതിനാൽ അറ്റകുറ്റപ്പണികളും നടക്കുന്നില്ല. രണ്ടാം പ്രളയം റോഡിനെ പൂർണമായും തകർത്തു. നിരവധി ദീർഘദൂര ബസുകളും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. കുഴികളിൽ വെള്ളംകെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്.
ഇവിടെ വീതി വർദ്ധിപ്പിച്ച് ബസ് കാത്തിരിപ്പു കേന്ദ്രം, കലുങ്ക്, ഡ്രൈയിനേജ് സംവിധാനങ്ങൾ ഉൾപ്പെടുത്തി റോഡ് നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 32.64 കോടി രൂപ റോഡ് നിർമ്മാണത്തിന് വകയിരുത്തിയിട്ടുണ്ട്. പലയിടത്തും നിർമ്മാണത്തിനായി സ്ഥലമേറ്റെടുത്ത് ജോലി തുടങ്ങിയെങ്കിലും മഴ വന്നതോടെ നിർത്തിവെച്ചു. റോഡിനോട് ചേർന്നുള്ള കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിച്ചാൽ മാത്രമേ ഇവിടെ റോഡ് വീതികൂട്ടി പണി പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. ഇതിന് സമയമെടുക്കുമെന്നാണ് കരാറുകാർ പറയുന്നത്. റോഡ് നന്നായിക്കിട്ടാൻ അതുവരെ കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് എറണാകുളത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ഈ വഴിയിലൂടെയാണ് സഞ്ചരിച്ചിരുന്നത്. ഇപ്പോൾ റോഡ് തകർന്നതോടെ കൊച്ചി - ധനുഷ്കോടി ദേശീയപാതയെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്.
മഴ കഴിഞ്ഞാൽ നിർമ്മാണം
വേഗത്തിലാക്കും
നിർത്തിവച്ച റോഡിന്റെ പണി മഴ കഴിഞ്ഞാലുടൻ പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വി.പി സജീന്ദ്രൻ എം.എൽ.എ പറഞ്ഞു. കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റിയിടുന്നതിന് 5.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വഴിയിൽ കുടിവെള്ള വിതരണ പൈപ്പുപൊട്ടൽ നിത്യസംഭവമായതോടെ കാലപ്പഴക്കം ചെന്ന മുഴുവൻ പൈപ്പുകളും മാറ്റുന്നതിനടക്കം തുക വിനിയോഗിക്കും. റോഡു നിർമ്മാണം പൂർത്തിയാകുന്നതിന് കാത്തു നില്ക്കാതെ താത്കാലികമായി റോഡ് സഞ്ചാരയോഗ്യമാക്കാൻ അറ്റകുറ്റപ്പണി നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണത്തിനു മുന്നോടിയായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു.