# രണ്ടാംഘട്ട ഭൂമിയേറ്റെടുക്കുന്നതിന് അനുമതി
മൂവാറ്റുപുഴ: ടൗൺ വികസനത്തിന്റെ രണ്ടാംഘട്ട ഭൂമിയേറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവായി. ഒന്നാം ഘട്ടത്തിൽ കച്ചേരിത്താഴം മുതൽ പി.ഒ ജംഗ്ഷൻ വരെയുള്ള സ്ഥലമാണ് ഏറ്റെടുത്തത്. ഇവിടത്തെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. രണ്ടാം ഘട്ടത്തിൽ വെള്ളൂർകുന്നം മുതൽ കച്ചേരിത്താഴം വരെയുള്ള സ്ഥലങ്ങളും കെട്ടിടങ്ങളുമാണ് ഏറ്റെടുക്കുന്നത്. ഇനി 53 പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. വെള്ളൂർകുന്നം വില്ലേജ് പരിധിയിൽ 1.66 ഹെക്ടർ ഭൂമിയും മാറാടി വില്ലേജിൽ 10.27 ഹെക്ടർ ഭൂമിയടക്കം 11.93 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഭൂമി ഏറ്റെടുക്കുന്നതിനും വ്യാപാരികൾക്കുള്ള നഷ്ടപരിഹാരത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി 32.14കോടി രൂപ കിഫ്ബിയിൽ നിന്ന് നേരത്തെ അനുവദിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി റവന്യൂപൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സംയുക്ത സ്ഥലപരിശോധന നടത്തി. പലസ്ഥലങ്ങളിലും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സർവേക്കല്ലുകൾ അപ്രത്യക്ഷമായിരിക്കുകയായിരുന്നു. വീണ്ടും സ്ഥലം അളന്ന് കല്ലുകൾ സ്ഥാപിക്കുകയും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെയും പൊളിക്കേണ്ട കെട്ടിടത്തിന്റെയും കണക്കെടുപ്പ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ടൗൺ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ 82പേരുടെ സ്ഥലമേറ്റെടുത്ത് കഴിഞ്ഞു. ഏറ്റെടുത്ത സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങളും കെട്ടിടങ്ങൾ പൊളിക്കൽ ഉൾപ്പെടെ പൂർത്തിയായി വരികയാണ്. കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്ന സ്ഥലത്ത് താത്കാലിക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 35ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
# നഗരവികസനം
വേഗത്തിലാക്കും
അടുത്തദിവസം തന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം വിതരണം ആരംഭിക്കും. കാലവർഷം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായെങ്കിലും മൂവാറ്റുപുഴയുടെ നഗരവികസനം വേഗത്തിൽ പൂർത്തിയാക്കും.
എൽദോ എബ്രഹാം എം.എൽ.എ