തോപ്പുംപടി: യാത്രാക്ലേശം കൊണ്ട് പൊറുതിമുട്ടി പശ്ചിമകൊച്ചി രാത്രിയായി കഴിഞ്ഞാൽ പടിഞ്ഞാറൻ കൊച്ചി പ്രദേശമായ കുമ്പളങ്ങി, ഇടക്കൊച്ചി, ചെല്ലാനം, മട്ടാഞ്ചേരി, മുണ്ടംവേലി പ്രദേശത്തേക്ക് സ്വകാര്യ ബസുകൾ ട്രിപ്പുകൾ നടത്താത്തത് നൂറുകണക്കിനാളുകളെ ദുരിതത്തിലാക്കുന്നു. പല ബസുകളും തേവര ജംഗ്ഷൻ, മട്ടാഞ്ചേരി ഹാൾട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആലുവയിൽ നിന്നും കുമ്പളങ്ങി ബോർഡ്‌ വെച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുക്കൾ പെരുമ്പടപ്പിൽ ട്രിപ്പ് അവസാനിപ്പിക്കാറാണ് പതിവ്. പിന്നീട് കൂടുതൽ പണം നൽകി ഓട്ടോറിക്ഷകളിൽ പോകേണ്ട ഗതികേടാണ്. സമയത്തിന് ഓടി എത്താൻ കഴിയാത്തതും പൊട്ടിപൊളിഞ്ഞ് കിടക്കുന്ന റോഡുകളുടെയും പേര് പറഞ്ഞാണ് സ്വകാര്യ ബസുകൾ ട്രിപ്പുകൾ നിർത്തുന്നത്.കൊച്ചിയിലെ യാത്രാക്ലേശം കുറക്കാൻ അധികാരികൾ നിരത്തിലിറക്കിയ എ.സി. ലോ ഫ്ലോർ, തിരു-കൊച്ചി ബസുകളെ കണി കാണാൻ കഴിയാത്ത സ്ഥിതിയാണ്.കുമ്പളങ്ങിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസും സർവീസ് നിർത്തി.ചെല്ലാനം, കുമ്പളങ്ങി തീരദേശങ്ങളിലുള്ള യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നനത്. തേവര, തോപ്പുംപടി ജംഗ്ഷനിൽ എത്തുന്ന പുരുഷൻമാർ ടു വീലറുകളിൽ ലിഫ്റ്റ് അടിച്ചു പോകാറാണ് പതിവ്. എന്നാൽ സ്ത്രീകളാണ് ഏറെ കഷ്ടത്തിലാകുന്നത്.തോപ്പുംപടി വഴി സർവീസ് നടത്തിയിരുന്ന പകുതിയിലേറെ കെ.എസ്.ആർ.ടി.സി. ബസുകളും ഇപ്പോൾ നഷ്ടത്തിന്റെ പേരും പറഞ്ഞ് ഇപ്പോൾ വൈറ്റില വഴിയാണ് തിരുവനന്തപുരം ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നത്. വിഷയത്തിൽ യാത്രക്കാർ കെ.എസ്.ആർ.ടി.സി.അധികാരികൾക്ക് പരാതി നൽകിയിട്ടും നാളിതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.

#90 ശതമാനം ബസുകളും ഇപ്പോൾ കട്ടപ്പുറത്താണ്.