കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസിൽ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത രാജ്കുമാറിനെ 24 മണിക്കൂർ കഴിഞ്ഞാണ് റിമാൻഡ് ചെയ്യാൻ ഹാജരാക്കിയതെന്നും ഇടുക്കി മജിസ്ട്രേട്ട് രശ്മി രവീന്ദ്രൻ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നും വ്യക്തമാക്കി തൊടുപുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.
പൊലീസ് പീഡനത്തെത്തുടർന്ന് രാജ്കുമാർ കൊല്ലപ്പട്ട സംഭവത്തിൽ ഇയാളെ റിമാൻഡ് ചെയ്ത മജിസ്ട്രേട്ടിന്റെ നടപടികളെക്കുറിച്ച് അന്വേഷിച്ചാണ് റിപ്പോർട്ട്. ജൂൺ 15 ന് രാത്രി ഒമ്പതരയോടെ അറസ്റ്റിലായ പ്രതിയെ അടുത്ത ദിവസം രാത്രി 10.40 നാണ് മജിസ്ട്രേട്ടിന് മുന്നിലെത്തിച്ചത്. 24 മണിക്കൂറിനകം പ്രതിയെ ഹാജരാക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടു. മജിസ്ട്രേട്ട് ഇക്കാര്യം ശ്രദ്ധിച്ചില്ല. റിമാൻഡ് റിപ്പോർട്ടിൽ ഹാജരാക്കാൻ വൈകിയതിന് വിശദീകരണമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഉപദ്രവിച്ചതായി പരാതിയില്ലെന്ന് രാജ്കുമാർ മൊഴി നൽകിയെന്നും തുടർന്ന് ജൂൺ 28 വരെ പീരുമേട് ജയിലിലേക്ക് റിമാൻഡ് ചെയ്തെന്നും ഇടുക്കി മജിസ്ട്രേട്ട് വ്യക്തമാക്കിയിട്ടുണ്ട്. റിമാൻഡിലായ രാജ്കുമാർ ജൂൺ 21 നാണ് മരിച്ചത്.
റിപ്പോർട്ടിൽ നിന്ന്
പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുമ്പോഴും മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഇതിന്റെ വിവരങ്ങളോ ഐ.പി നമ്പരോ ഇല്ല.
മജിസ്ട്രേട്ട് വസതിയുടെ ഗേറ്റിന് പുറത്തു പാർക്ക് ചെയ്ത വാഹനത്തിലിരുന്ന പ്രതിയെ അവിടെ ചെന്നാണ് കണ്ടത്. കോമ്പൗണ്ടിലേക്ക് വാഹനം കയറുമെന്നിരിക്കെ ഇതിന് നിർദ്ദേശം നൽകാതെ രാത്രി 10.40 ന് പുറത്തേക്ക് പോയി പ്രതിയെ കണ്ടതിന് വിശദീകരണമില്ല.
പൊലീസിനെ കണ്ട് ഓടുന്നതിനിടെ വീണു പരിക്കേറ്റതിനാൽ നടക്കാനാവില്ലെന്ന് പ്രതി പറഞ്ഞെന്നും വാഹനത്തിനടുത്തെത്തി പ്രതിയെ കണ്ട് തിരിച്ചറിയൽ അടയാളങ്ങൾ പരിശോധിച്ചെന്നും അവ രേഖപ്പെടുത്തിയെന്നും മജിസ്ട്രേട്ട് വ്യക്തമാക്കി. രാത്രിയിൽ വാഹനത്തിലിരുന്ന പ്രതിയുടെ അടയാളങ്ങൾ പരിശോധിച്ചെന്നത് വിശ്വസിക്കാൻ പ്രയാസം.
പ്രതിക്ക് ആവശ്യമെങ്കിൽ മെഡിക്കൽ സഹായം നൽകാൻ റിമാൻഡ് വാറണ്ടിൽ മജിസ്ട്രേട്ട് ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരുന്നു. നടക്കാൻ വയ്യെന്ന് പ്രതി പറഞ്ഞതിനാലാണ് ഇങ്ങനെ നിർദ്ദേശിച്ചതെന്ന് മജിസ്ട്രേട്ട് മറുപടി നൽകി.
മേയ് 12 ന് മറ്റൊരു പ്രതിയെ റിമാൻഡ് ചെയ്യാനെത്തിച്ചപ്പോൾ റിപ്പോർട്ട് സ്വീകരിക്കാതെ രക്തസമ്മർദ്ദമുള്ള പ്രതിക്ക് ചികിത്സ നൽകാൻ വാക്കാൽ ഇതേ മജിസ്ട്രേട്ട് നിർദ്ദേശം നൽകി. റിമാൻഡ് അപേക്ഷ പരിഗണിക്കാതെ വാക്കാൽ നിർദ്ദേശം നൽകുന്നത് നിയമപരമല്ല.