nedumkandam-custodial-dea

കൊച്ചി : നെടുങ്കണ്ടം പൊലീസിന്റെ മർദ്ദനത്തിനിരയായ പ്രതി രാജ്കുമാറിനെ റിമാൻഡ് ചെയ്ത ഇടുക്കി മജിസ്ട്രേട്ട് രശ്മി രവീന്ദ്രന്റെ നടപടിയിൽ പ്രഥമദൃഷ്ട്യാ വീഴ്ച കാണുന്നില്ലെന്നും എന്നാൽ കുറേക്കൂടി ജാഗ്രത കാട്ടേണ്ടിയിരുന്നെന്നും വിജിലൻസ് രജിസ്ട്രാർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

രാജ്കുമാർ പൊലീസ് കസ്റ്റഡിയിലെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടിയിരുന്നു. റിമാൻഡ് ചെയ്യും മുമ്പ് രാജ്കുമാറിനോട് മജിസ്ട്രേട്ട് കൂടതൽ ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ കസ്റ്റഡി പീഡനത്തെക്കുറിച്ചു വ്യക്തമായ ചിത്രം ലഭിക്കുമായിരുന്നു. റിമാൻഡ് ചെയ്യുന്ന ഘട്ടത്തിൽ പ്രതികളോടു ചോദിക്കുന്ന ചോദ്യങ്ങൾ സംബന്ധിച്ച് മജിസ്ട്രേട്ടുമാർക്ക് പൊതു നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. മജിസ്ട്രേട്ടിന്റെ നടപടികളിൽ വീഴ്ചയുണ്ടെന്ന പരാതി ലഭിച്ചിട്ടില്ലെന്നും മജിസ്ട്രേട്ടിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ ഹൈക്കോടതി സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുമുണ്ട്.