pacha-1
ചെമ്മനാട് കെട്ടി കിടന്ന പച്ചക്കറികൾ

കോലഞ്ചേരി: വാങ്ങാനാളില്ല, ചെമ്മനാട് സ്വാശ്രയ കർഷക സമിതിയിൽ കെട്ടികിടന്ന പച്ചക്കറികൾ പൊട്ട വിലയ്ക്ക് കർഷകർ വിറ്റഴിച്ചു.

ഇളവനും, വെള്ളരിയുമടങ്ങുന്ന രണ്ട് ടണ്ണോളം പച്ചക്കറികളാണ് കെട്ടിക്കിടന്നത്.ലേലത്തില്‍ 7 രൂപയിൽ താഴെയെത്തിയിട്ടും വാങ്ങാനാരുമെത്തിയില്ല. മൊത്ത കച്ചവടക്കാരുടെ ഗൂഢ തന്ത്രമാണിതിനു പിന്നിൽ.

പറിച്ചു വച്ച പച്ചക്കറികൾ മഴക്കാലത്തു ചീഞ്ഞു പോകുമെന്നുറപ്പുള്ളതിനാൽ കർഷകരെ വരുതിയിൽ വരുത്തി വില ഇടിക്കുന്ന തന്ത്രമാണിത്. പുറം പച്ചക്കറി വരവു കൂടിയതിനാൽ കർഷകർ പറയുന്ന വിലയ്ക്ക് എടുക്കാനാകില്ലെന്ന് കച്ചവടക്കാർ സംഘം ചേർന്ന് തീരുമാനിച്ച് വിലയിടിച്ചു വാങ്ങുകയാണ്.

കിലോ 12 രൂപയ്ക്കാണ് ഇളവനും, വെള്ളരിയും വിറ്റു പോകാറുള്ളതെന്ന് കർഷക സമിതി പ്രസിഡന്റ് ജോർജ് കൊള്ളിനാലും ഭാരവാഹി ജോഷി സി. ജോണും പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഹോർട്ടികോർപ്പ് മാന്യമായ വില നല്കി പച്ചക്കറി സംഭരിക്കാറുണ്ട്. ഹോർട്ടികോർപ്പ് സംഭരണം നിർത്തി വച്ചതാണ് കർഷകർക്ക് തിരിച്ചടിയായത്.

അതോടെ പകുതി വിലയായ 6 രൂപയ്ക്ക് പച്ചക്കറി മൊത്ത കച്ചവടക്കാർക്ക് കൊടുത്ത് കാലിയാക്കി. ഓണ വിപണി ലക്ഷ്യം വച്ച് പ്രതീഷയോടെ ഉല്പന്നങ്ങളുമായി വിപണിയിലെത്തുന്ന കർഷകർ കച്ചവടക്കാരന്റെ ചൂഷണത്തിന് വിധേയരാകേണ്ട ഗതികേടിലാണ്. ആദ്യ പ്രളയത്തിൽ സർവ്വവും തകർന്ന് വൻ കടക്കെണിയിലായിരുന്നു ഇവർ. അതിനിടയിലാണ് രണ്ടാം പ്രളയം ഇടിത്തീ പോലെ വന്നത്. അവിടെയും പാടു പെട്ട് പിടിച്ചു നിന്ന് ഉള്ള ഉല്പന്നം വില്പനക്കെത്തിക്കുമ്പോൾ വില ലഭിക്കാതെയും വന്നതോടെ ആത്മഹത്യാ വക്കിലാണ് കർഷക കുടുംബങ്ങൾ.