കൊച്ചി: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി കാൻസർ സെന്ററിലെ കിടത്തി ചികിത്സ യാഥാർത്ഥ്യമാകുന്നു. ഇന്നുമുതൽ ആറ് രോഗികളെ ചികിത്സയ്ക്ക് പ്രവേശിപ്പിക്കും.

ഓപ്പറേഷൻ തീയേറ്ററിലെ അണുപരിശോധന ഫലം മൂന്ന് തവണ അടുപ്പിച്ച് അനുകൂലമായതിനെ തുടർന്നാണ് അധികൃതർ പച്ചക്കൊടി കാട്ടിയത്. ജൂലായിൽ ആരംഭിക്കുമെന്ന് സ്പെ‌ഷ്യൽ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഉറപ്പ് പറഞ്ഞ സംവിധാനമാണ് രണ്ടുമാസം വൈകി ആരംഭിക്കുന്നത്.

ശ്വാസോച്ഛ്വാസ വേളയിൽ വരുന്ന അണുക്കളാണ് ഇത്രനാളും പരിശോധനയിൽ വിലങ്ങുതടിയായിരുന്നത്. ഇത് സാധാരണമാണെങ്കിലും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് മാനദണ്ഡപ്രകാരം നേരിയ അണുക്കൾ പോലും പാടില്ല.

ഇന്ന് ശസ്ത്രക്രിയ ചെയ്യുന്ന രണ്ട് രോഗികളെയും നേരത്തെ ശസ്ത്രക്രിയ പൂർത്തിയായിരുന്ന രോഗികളെയുമാണ് ഇവിടേക്ക് മാറ്റുക. ഓപ്പറേഷൻ തീയേറ്റർ സജ്ജമായെങ്കിലും അനസ്തേഷ്യസ്റ്റ് ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോഴും ശസ്ത്രക്രിയകൾ മെ‌ഡിക്കൽ കോളേജിലെ ഓപ്പറേഷൻ തീയേറ്ററിലാണ് ചെയ്യുന്നത്.

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കൊച്ചി കാൻസർ സെന്ററിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കെട്ടിട നിർമ്മാണം വൈകുന്നതിനും കിടത്തി ചികിത്സ ആരംഭിക്കാത്തതിനും പരിഹാരം കാണണമെന്നും പ്രത്യേക സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യങ്ങൾ. കൃഷ്ണയ്യർ മൂവ്മെന്റിന് വേണ്ടി പ്രൊഫ. എം.കെ സാനുവാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്.

തറക്കല്ലിട്ട് അഞ്ചു വർഷം കഴിഞ്ഞിട്ടും നിർമ്മാണം ഇഴയുന്ന കൊച്ചി കാൻസർ സെന്റർ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ജനപ്രതിനിധികളും നേതാക്കളും ഇടപെടും. അടുത്ത വർഷം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട കാൻസർ സെന്ററിന്റെ നിർമ്മാണം വെറും 18 ശതമാനമേ ആയിട്ടുള്ളൂ. കാൻസർ സെന്ററിന്റെ പ്രശ്നങ്ങൾ ഉന്നയിച്ച് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് അയച്ച സന്ദേശത്തിന് മറുപടിയായാണ് ഇടപെടാമെന്ന് ജില്ലയിലെ ജനപ്രതിനിധികൾ പ്രതികരിച്ചത്. ജോൺ ഫെർണാണ്ടസ് എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനനും മൂവ്മെന്റ് ഭാരവാഹികളുമായി ബന്ധപ്പെട്ടു.

നിലവാരം പാലിക്കും

"പരിശോധനയിൽ കാണുന്ന അണുക്കൾ സാധാരണഗതിയിൽ പ്രശ്നമുള്ളതല്ല. എൻ.എ.ബി.എച്ചിന്റെ നിർദ്ദേശം അനുസരിച്ച് അതുപോലും തിയേറ്ററിനുള്ളിൽ പാടില്ല. പരിശോധനയിൽ വിട്ടുവീഴ്ച നടത്താനാവില്ല. പത്തു വർഷത്തോളം പൂട്ടിയിട്ട ഓപ്പറേഷൻ തീയേറ്ററാണ് കാൻസർ സെന്ററിന് തയ്യാറാക്കുന്നത്. അതാണ് കിടത്തി ചികിത്സ തുടങ്ങാൻ വൈകിയത്. അനസ്തേഷ്യസ്റ്റിന് നിയമന ഓർഡർ നൽകിയിട്ടുണ്ട്. ശസ്ത്രക്രിയകളും താമസിയാതെ തുടങ്ങാനാകും"

ഡോ. മോനി എബ്രഹാം കുര്യാക്കോസ്

ഡയറക്ടർ

കൊച്ചി കാൻസർ സെന്റർ