babu

ആലുവ: മേലധികാരികളുടെ പീഡനംമൂലം ഒരു പൊലീസ് ഉദ്യോഗസ്ഥൻകൂടി ജീവനൊടുക്കി. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആലുവ കുട്ടമശേരി പുൽപ്ര പി.സി. ബാബു (48)വിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടയുടൻ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ പൊലിഞ്ഞിരുന്നു.
തടിയിട്ടപറമ്പ് സ്റ്റേഷനിലെ മേലുദ്യോഗസ്ഥരുടെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചു. കുട്ടമശേരി പുഴയരികിലെ ബാബുവിന്റെ വീട്ടിൽ പ്രളയത്തിൽ വെള്ളം കയറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ അവശതകളെ തുടർന്ന് രണ്ടാഴ്ചയായി മെഡിക്കൽ അവധിയിലായിരുന്നു ബാബു.

മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അവധിയെന്ന് കാണിച്ച് എസ്.ഐ നിരന്തരം ഭീഷണിപ്പെടുത്തുകയും ലീവ് റദ്ദാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. മെഡിക്കൽ ലീവ് അപേക്ഷ മെഡിക്കൽ ബോർഡിന് വിടുന്നതിന് നീക്കവുമുണ്ടായി.

വീടിന്റെ ശുചീകരണം പൂർത്തിയാക്കിയിട്ട് ജോലിയിൽ പ്രവേശിക്കാമെന്ന് പറഞ്ഞിട്ടും എസ്.ഐ വഴങ്ങിയില്ലെന്നും ഇതെല്ലാം ബാബുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്നും ബന്ധുക്കൾ പറയുന്നു.

തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ എസ്.എച്ച്.ഒക്കെതിരെ ബാബു നിരവധി ആക്ഷേപം ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച ബാബുവിനെതിരെ നടപടിയാവശ്യപ്പെട്ട് ഡിവൈ.എസ്.പിക്ക് എസ്.ഐ റിപ്പോർട്ട് നൽകി.

26 വർഷമായി സേനയിൽ സ്തുത്യർഹമായി സേവനം ചെയ്തുപോരുന്ന ആളാണ് ബാബു.

മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് രാവിലെ 11ന് കുട്ടമശേരി എൻ.എസ്.എസ് ശ്മശാനത്തിൽ. ചന്ദ്രൻ - ചന്ദ്രമതി ദമ്പതികളുടെ മകനാണ് ബാബു. ഭാര്യ: വെണ്ണല സ്വദേശി ചന്ദ്രലേഖ. മക്കൾ: കാർത്തിക ബാബു, കിരൺ ബാബു.

ഓഫീസർമാർ അനുഗമിച്ചില്ല

രാവിലെ 7ന് സ്റ്റേഷനിലെത്തി രാത്രി 9 വരെ ജോലി നോക്കുന്നയാളാണ് ബാബു. കേസുകൾ എഴുതുന്നതിലും അന്വേഷണ മികവിലും കമ്പ്യൂട്ടർ പരിജ്ഞാനത്തിലും മാതൃകയായിരുന്നു ഇദ്ദേഹമെന്ന് സഹപ്രവർത്തകരും പറയുന്നു.

തിരഞ്ഞെടുപ്പിനു ശേഷം സ്റ്റേഷനിൽ പുതിയ എസ്.ഐ ചാർജെടുത്തതു മുതൽ ബാബുവിനോട് വളരെ മോശമായ പെരുമാറ്റമായിരുന്നു. ഒരു മാസം മുമ്പ് ബാബുവിനെ പരസ്യമായി ആക്ഷേപിക്കുകയും ചെയ്തിരുന്നത്രെ.

എറണാകുളം ടൗണിലടക്കം നിരവധി പ്രമുഖർക്കൊപ്പം ജോലി ചെയ്തിട്ടുള്ള കേസന്വേഷണ മികവും ഇദ്ദേഹത്തിനുണ്ട്. മൂന്ന് വർഷം മുമ്പാണ് തടിയിട്ടപറമ്പിൽ എത്തിയത്. സ്റ്റേഷൻ റൈറ്ററായി ജോലി നോക്കിയിരുന്നു.

മൃതദേഹം തടിയിട്ടപറമ്പ് സ്റ്റേഷനിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്. ആംബുലൻസിന് പൈലറ്റ് വന്ന എസ്.ഐ ഒഴിച്ചാൽ ഒരു ഓഫീസർമാർ പോലും മൃതദേഹത്തെ അനുഗമിച്ചില്ല. ഓഫീസർമാർ എസ്.പി യുടെ കോൺഫറൻസിൽ ആണെന്നാണ് വിശദീകരണം.