പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് അവാർഡാണ് വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽപ്പെടുത്തി 2017 നവംബർ 26നാണ് വാഴക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്. ആർദ്രം പദ്ധതിയിൽപ്പെടുത്തി 16 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപയും വിനിയോഗിച്ചും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയുമാണ് വിവിധ നിർമാണ പ്രവർത്തനങ്ങൾ ആരോഗ്യകേന്ദ്രത്തിൽ പൂർത്തീകരിച്ചത്.
3 ഡോക്ടർമാർ, 2 സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ എന്നീ തസ്തികകളും പുതിയതായി അനുവദിച്ചു. ഒ പി സമയം വൈകിട്ട് 6 മണിവരെയാക്കി. ലാബ് സംവിധാനങ്ങൾ മെച്ചപ്പെടുത്തി. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി. ഭൗതിക സൗകര്യങ്ങളെല്ലാം മെച്ചപ്പെട്ടു. ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുഴുവനായി കംമ്പ്യൂട്ടർവത്കരിക്കുന്ന ഇ-ഹെൽത്ത് പദ്ധതിയും തുടങ്ങി. ഇവയെല്ലാം പരിഗണിച്ചാണ് ദേശീയ അംഗീകാരം.
രോഗികൾക്കായുള്ള സേവനങ്ങൾ , മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ എന്നിങ്ങനെ 8 വിഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവാർഡിന് പരിഗണിച്ചത്. ഇവയിൽ ഓരോ വിഭാഗത്തിനും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയാലേ ഈ അവാർഡ് ലഭിക്കുകയുള്ളൂ. 93 ശതമാനം മാർക്ക് വാങ്ങിയാണ് വാഴക്കുളം കുടുംബരോഗ്യകേന്ദ്രം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. എറണാകുളം ജില്ലയിൽ ഈ അംഗീകാരം നേടുന്ന ആദ്യ ആരോഗ്യ കേന്ദ്രമാണ് വാഴക്കുളം കുടുംബരോഗ്യകേന്ദ്രം.