കൊച്ചി : പാസ്പോർട്ടിനുള്ള അപേക്ഷയിൽ ക്രിമിനൽ കേസ് വിവരങ്ങൾ ഉൾപ്പെടുത്താത്തിനെ കുറിച്ച് വിശദീകരണം നൽകാൻ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു ഇന്ന് റീജിയണൽ പാസ്പോർട്ട് ഓഫീസർ മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. രാവിലെ 11 ന് ഹാജരാകണം. 26 നകം പാസ്പോർട്ട് ഓഫീസർ തീരുമാനം അറിയിക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. പാസ്പോർട്ട് അപേക്ഷയിൽ പൊലീസ് തനിക്കു പ്രതികൂലമായി വെരിഫിക്കേഷൻ റിപ്പോർട്ട് നൽകിയതു ചോദ്യം ചെയ്ത് പി. രാജു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. തീരുമാനം എതിരാണെങ്കിൽ പി. രാജുവിന് നിയമനടപടി സ്വീകരിക്കാമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. സിറിയയിലെ ദമാസ്കസിൽ സെപ്തംബർ എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര തൊഴിലാളിസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് പി. രാജു പാസ്പോർട്ടിന് അപേക്ഷ നൽകിയത്. ജൂലായ് 24 ന് തല്കാൽ പദ്ധതി വഴി നൽകിയ അപേക്ഷയിൽ ജൂലായ് 25 ന് പാസ്പോർട്ട് ലഭിച്ചു. എന്നാൽ ജൂലായ് 23 നു നടന്ന ഡി.ഐ.ജി ഓഫീസ് മാർച്ചിനെത്തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ അപേക്ഷയിൽ പറഞ്ഞിരുന്നില്ല. ഇക്കാര്യം പിന്നീടുള്ള പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തനിക്ക് വിദേശത്തേക്ക് പോകാൻ എമിഗ്രേഷൻ ക്ളിയറൻസ് ലഭിക്കില്ലെന്നും പാസ്പോർട്ട് പിടിച്ചുവെക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പി. രാജു ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഒരാൾ കേസുണ്ടെന്ന വിവരം മന:പൂർവം മറച്ചു വെക്കുന്നതാണ് കുറ്റകരമെന്നും ഇത്തരം കേസുകളിലാണ് നടപടി സ്വീകരിക്കുകയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.