ആലുവ: വേനൽക്കാലത്ത് പക്ഷികളുടെ ദാഹമകറ്റാൻ 'ഒരു മൺപാത്രം പദ്ധതി' സംസ്ഥാന വ്യാപകമായി സൗജന്യമായി നടപ്പിലാക്കി ശ്രദ്ധേയനായ ആലുവ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണന് ഷൈനിംഗ് വേൾഡ് കംപാഷൻ അവാർഡ്. ദി സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണൽ അസോസിയേഷൻ ഏർപ്പെടുത്തിയ അവാർഡിനൊപ്പം പതിനായിരം ഡോളറും പ്രശസ്തിപത്രവും നൽകും.
വിയറ്റ്‌നാം എഴുത്തുകാരിയും ധ്യാനഗുരുവുമായ ചിങ് ഹായ് സ്ഥാപിച്ച സംഘടന ഏർപ്പെടുത്തിയതാണ് ലോക അനുകമ്പ അവാർഡ്. ഇന്ത്യയിൽ ഇതിനു മുമ്പ് 2010 ൽ മേനക ഗാന്ധിക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. മൂന്ന് വർഷങ്ങളായി നടപ്പിലാക്കുന്നതാണ് 'ജീവജലത്തിനൊരു മൺപാത്രം' പദ്ധതി. ഇത് കുടാതെ മുപ്പത്തടം ഗ്രാമത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ 20,000 തുണി സഞ്ചികളുടെ വിതരണം, 50,000 വൃക്ഷ തൈകളുടെ വിതരണം തുടങ്ങിയവയാണ് ശ്രീമൻ നാരായണൻെറ പ്രധാന ദൗത്യങ്ങൾ. നിരവധി കൃതികളുടെ ലേഖകനുമാണ്.