കൊച്ചി : അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സി.സി.ടി.വി ദ്യശ്യങ്ങളുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ട് പ്രതിയായ പള്ളുരുത്തി സ്വദേശി ജിസാൽ റസാഖ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. എസ്.ആർ.വി ക്രോസ് റോഡിലെ ഒരു ബേക്ക് ഹൗസ്, തോപ്പുംപടിയിലെ ഒരു പെട്രോൾ പമ്പ്, ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളിലെ സി.സി. ടി.വി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഇതിൽ പ്രതികളുടെ ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങളുടെയും ഫോറൻസിക് പരിശോധനാ റിപ്പോർട്ടിന്റെയും പകർപ്പുകൾ ആവശ്യപ്പെട്ടാണ് റസാഖ് ഹൈക്കോടതിയെ സമീപിച്ചത്. നിർണ്ണായക തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്നാണ് ഹർജി വിധി പറയാൻ മാറ്റിയത്.

 അഭിമന്യു വധക്കേസ് : വിചാരണ നവംബർ 14 ലേക്ക് മാറ്റി

അഭിമന്യു വധക്കേസിന്റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നവംബർ 14 ലേക്ക് മാറ്റി. ആദ്യ ഘട്ട വിചാരണ നേരിടുന്ന ഒമ്പത് പ്രതികളും അന്ന് ഹാജരാകണം. അതേസമയം കേസിൽ കുറ്റപത്രം നൽകിയ മുഴുവൻ പ്രതികളുടെയും വിചാരണ ഒരുമിച്ച് നടത്തുന്നതിനുള്ള സാദ്ധ്യത പ്രോസിക്യൂഷൻ ആരായുന്നുണ്ട്. കേസിൽ ഫോറൻസിക് ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടുകൾ ഇനിയും ലഭിക്കാനുമുണ്ട്. 2018 ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയത്. നവാഗതരെ സ്വാഗതം ചെയ്യാനുള്ള ചുവരെഴുത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.