കൊച്ചി: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എറണാകുളം മഹാരാജാസ് ഉൾപ്പെടെ ഏഴുകോളേജിൽ മുഴുവൻ സീറ്റും നേടി എസ്.എഫ്.ഐയും വർഷങ്ങൾക്ക് ശേഷം മൂന്ന് കോളേജ് യൂണിയൻ തിരിച്ച് പിടിച്ച് കെ.എസ്.യുവും ബലാബലത്തിൽ.
മഹാരാജാസ് കോളേജിൽ 14 സീറ്റിലും എസ്.എഫ്.ഐ ഭൂരിപക്ഷം നേടി. തൃപ്പൂണിത്തുറ ആർഎൽവി, സംസ്‌കൃത കോളേജ്, പള്ളുരുത്തി സിയന്ന, കോട്ടപ്പടി മാർ ഏലിയാസ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി, കോതമംഗലം എൽദോ മാർ ബസേലിയോസ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മഹാരാജാസിനു പുറമേ വൈപ്പിൻ ഗവ. കോളേജ്, എസ്.എൻ.എം മാല്യങ്കര, ഇടക്കൊച്ചി അക്വിനാസ്, ഐരാപുരം എസ്.എസ്.വി, കവളങ്ങാട് എസ്.എൻ.ഡി.പി കോളേജ്, മണിമലക്കുന്ന് ഗവ. കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു.
ആലുവ യു.സി കോളേജ് ഏഴ് വർഷങ്ങൾക്ക് ശേഷവും കാലടി ശ്രീശങ്കര കോളേജ് 17 വർഷങ്ങൾക്ക് ശേഷവും , കോതമംഗലം എം.എ കോളേജ് അഞ്ചു വർഷങ്ങൾക്കു ശേഷവും എസ്.എഫ്.ഐ യിൽ നിന്ന് തിരിച്ചു പിടിച്ചു കെ.എസ്.യു മുന്നേറ്റം നടത്തി. ശങ്കര കോളേജ്, യു.സി കോളേജ്, കോതമംഗലം എം.എ കോളേജ്, അറഫ കോളേജ്, സെന്റ് ജോർജ് കോളേജ്, പുത്തൻകുരിശ് സെന്റ് തോമസ് കോളേജ്, വൈ.എം.സി.എ കോളേജ്, മാർ കുര്യാക്കോസ് കോളേജ്, ബി.പി.സി കോളേജ്, ചൂണ്ടി ബി.എം.സി ലാ കോളേജ്, കെ.എം.എം കോളേജ് തൃക്കാക്കര, ആൽബർട്‌സിൽ ജനറൽ സെക്രട്ടറിയും ഒരു യു.യു.സിയും, എറണാകുളം ലാ കോളേജിൽ മാഗസിൻ എഡിറ്റർ ലേഡി റെപ് ഉൾപ്പെടെ ജില്ലയിൽ 11 കോളേജുകളിൽ കെ.എസ്.യു യൂണിയൻ നേടി.
"യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങൾക്കു ശേഷം സംസ്ഥാന തലത്തിൽ നടത്തിയ സമരപോരാട്ടങ്ങളുടെ വിജയം കൂടിയാണ് എം.ജി യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു വിന് മികച്ച വിജയം സമ്മാനിച്ചത്. "
അലോഷ്യസ് സേവ്യർ
കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ്