ആലുവ: ഗതാഗതതടസമായി റോഡ് കൈയേറി നിർമ്മിച്ചിരുന്ന സി.ഐ.ടി.യു ഓഫീസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ജില്ലാ കളക്ടറുടെയും ഇടപെടലിനെ തുടർന്ന് ഒടുവിൽ പൊളിച്ചുനീക്കി. കീഴ്മാട് ഗ്രാമപഞ്ചായത്തിൽ എടയപ്പുറം മനക്കത്താഴം കവലയിലാണ് ഏറെ നാളായി വിവാദത്തിലായ സി.ഐ.ടി.യു ഓഫീസ് നിലനിന്നിരുന്നത്.
സമീപവാസി വിജിയുടെ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പൊളിക്കാൻ ഉത്തരവിട്ടപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന പേരിൽ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി സംരക്ഷിക്കുകയായിരുന്നു. ഇതിനെതിരെ പരാതിക്കാൻ മനുഷ്യാവകാശ കമ്മീഷനെയും ജില്ലാ കളക്ടറെയും സമീപിച്ചാണ് വീണ്ടും അനുകൂലവിധി സമ്പാദിച്ചത്. ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രമല്ലെന്നും യൂണിയൻ ഓഫീസാണെന്നും വ്യക്തമായി. തുടർന്ന് ഉടൻ കെട്ടിടം പൊളിക്കാൻ പൊതുമരാമത്തിന് നിർദ്ദേശം നൽകിയതോടെയാണ് സി.ഐ.ടി.യു - സി.പി.എം പ്രവർത്തകർ നേരിട്ട് പൊളിക്കാൻ തയ്യാറായത്.
മാസങ്ങൾക്ക് മുമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രമാണെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ അവകാശവാദ മുന്നയിച്ച വാർഡ് മെമ്പർ ഇന്നലെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ പാർട്ടി ഓഫീസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'വിഷമത്തോടെയാണെങ്കിലും ഞങ്ങൾ പാർട്ടി ഓഫീസ് പൊളിച്ചുമാറ്റുകയാണ്'. എന്നാണ് കുറിപ്പിൽ പറയുന്നത്.