ആലുവ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആലുവ യു.സി കോളേജിൽ കെ.എസ്.യുവിന് മിന്നുന്ന ജയം. കഴിഞ്ഞ വർഷം ഒരുസീറ്റ് മാത്രമാണ് കെ.എസ്.യു.വിന് ലഭിച്ചത്. ഇത്തവണ പ്രധാന സീറ്റുകളിലെല്ലാം വിജയം നേടാൻ കെ.എസ്.യുവിന് കഴിഞ്ഞു. പാനലിലുള്ള 14 സീറ്റിൽ പത്തും കെ.എസ്.യു. നേടി. എസ്.എഫ്.ഐയ്ക്ക് ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനം മാത്രമാണ് ലഭിച്ചത്. എ.ബി.വി.പി. രണ്ട് ക്ലാസ് പ്രതിനിധി സീറ്റുകൾ നേടി.
എടത്തല അൽഅമീൻ കോളേജിൽ എസ്.എഫ്.ഐ മികച്ച വിജയം നേടി. 14 സീറ്റുകളിൽ പതിനൊന്നും എസ്.എഫ്.ഐ നേടി. കെ.എസ്.യു വൈസ് ചെയർപേഴ്‌സൺ സ്ഥാനവും രണ്ട് ക്ലാസ് പ്രതിനിധി സീറ്റുകളും നേടി.

ചൂണ്ടി ഭാരത് മാതാ കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിൽ കെ.എസ്.യു തൂത്തുവാരി. 13 സീറ്റിൽ കെ.എസ്.യു. പ്രതിനിധികളാണ് വിജയിച്ചത്. ഒരു ക്ലാസ് പ്രതിനിധി സ്ഥാനം എ.ബി.വി.പിക്ക്ലഭിച്ചു.

കക്ഷിരാഷ്ട്രീയമില്ലാതെ പ്രസിഡൻഷ്യൽ രീതിയിലാണ് ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ തിരഞ്ഞെടുപ്പ് നടത്തിയത്.
ആലുവ ചൂണ്ടി ഭാരത് മാതാ കോളേജിൽ തിരഞ്ഞെടുപ്പ് എം.ജി. സർവകലാശാല മാറ്റിവെച്ചിരുന്നു. ഇവിടെ എസ്.എഫ്.ഐ.യുടെ നോമിനേഷനുകൾ കൂട്ടമായി തള്ളിപ്പോയിരുന്നു. ഇതിനെ തുടർന്ന് സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയാണ് ഉണ്ടായതെന്ന് കെ.എസ്.യു. ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു നേതാക്കൾ പറഞ്ഞു.