ചെലവ് : കോടി 100 രൂപ
കൊച്ചി : എറണാകുളം മാർക്കറ്റ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയെന്ന ദീർഘകാല സ്വപ്നം സാഫല്യത്തിലേയ്ക്ക്. ഡിസംബർ ഒന്നിന് പുതിയ മാർക്കറ്റിന്റെ നിർമ്മാണം ആരംഭിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. നൂറു കോടി രൂപയാണ് നിർമ്മാണച്ചെലവ്.
ഹൈബി ഈഡൻ എം.പി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. കൊച്ചി നഗരസഭയുടെ പദ്ധതി കേന്ദ്ര സർക്കാരിന്റെ സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. നിലവിലെ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു തന്നെയാണ് പുതിയ മാർക്കറ്റും.
ടെൻഡർ നടപടികൾ പൂർത്തിയായാൽ ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. നിലവിലെ വ്യാപാരികളെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തി. മാർക്കറ്റ് റോഡ് പരിസരത്തെ പൂട്ടിയ ഇസ്ളാമിക് സ്കൂളിന്റെ സ്ഥലം ഇതിനായി വിനിയോഗിക്കും.
മുഴുവൻ വ്യാപാരികൾക്കും പുതിയ മാർക്കറ്റിൽ സ്ഥലം ലഭിക്കുന്നത് ഉറപ്പുവരുത്തണമെന്ന് സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിനോടും കൊച്ചി നഗരസഭാ അധികൃതരോടും ഹൈബി ഈഡൻ എം.പി. ആവശ്യപ്പെട്ടു. നഗരസഭയും ലൈസൻസുള്ള വ്യാപാരികളും തമ്മിൽ ഇതു സംബന്ധിച്ച കരാറിൽ ഒപ്പിടണം. വ്യാപാരി മരണപ്പെട്ടാൽ മക്കൾക്ക് ലൈസൻസ് ലഭിക്കാനും വ്യവസ്ഥ ഏർപ്പെടുത്തണം.
വഴിയോര കച്ചവടക്കാർക്കും പുതിയ മാർക്കറ്റിൽ അവസരം നൽകണമെന്ന് മേയർ സൗമിനി ജെയിൻ നിർദ്ദേശിച്ചു. ബ്രോഡ്‌വേയിൽ സമീപകാലത്ത് വ്യാപാരികളുമായി ചേർന്ന് നടപ്പാക്കിയ വികസനം തകർക്കുന്ന വിധത്തിലാകരുത് നിർമ്മാണം. കാൽനടക്കാരുടെയും വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിനും സൗകര്യം ഒരുക്കണമെന്ന് മേയർ നിർദ്ദേശിച്ചു.
# വ്യാപാരികൾക്ക് സന്തോഷം
മാർക്കറ്റ് നവീകരണം വ്യാപാരികൾ സ്വാഗതം ചെയ്തു. മാർക്കറ്റ് മാറ്റുന്ന ഇസ്ളാമിക് സ്കൂളിൽ വെള്ളം, പാർക്കിംഗ്, മാലിന്യസംസ്കരണം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
സ്മാർട്ട്സിറ്റി മിഷൻ മാനേജിംഗ്ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എസ്. സുഹാസ്, ഡി.സി.പി ജി. പൂങ്കുഴലി, ജി.സി.ഡി.എ ചെയർമാൻ വി. സലിം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
# നഗരഹൃദയത്തിൽ ആധുനിക മാർക്കറ്റ്
സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. അതിനായി പദ്ധതി സ്മാർട്ട് സിറ്റി മിഷൻ തയ്യാറാക്കണം. കൊച്ചി നിവാസികൾക്ക് ലോകനിലവാരമുള്ള മാർക്കറ്റ് നഗരഹൃദയത്തിൽ തന്നെ ലഭ്യമാക്കും.
ഹൈബി ഈഡൻ എം.പി
# പദ്ധതി ഇങ്ങനെ
മാർക്കറ്റിൽ മൂന്നു നില കെട്ടിടം നിർമ്മിക്കും.
താഴത്തെ നിലയും അടിനിലയും പാർക്കിംഗിന്
ഒന്ന്, രണ്ട് നിലകൾ നിലവിലെ വ്യാപാരികൾക്ക്
ബാക്കി സ്ഥലം പുതിയ വ്യാപാരികൾക്ക് വാടകയ്ക്ക്
വാടകയ്ക്ക് നൽകുന്ന സ്ഥലത്തിന് വിപണിവാടക
മൾട്ടിലെവൽ പാർക്കിംഗിന് പ്രത്യേക സ്ഥലം
ചരക്കുമായി വരുന്ന ലോറികൾക്ക് പ്രത്യേക സ്ഥലം
# സൗകര്യങ്ങൾ
നിർമ്മാണ പ്രദേശം : 1.71 ലക്ഷം ചതുരശ്രയടി
കച്ചവട പ്രദേശം : 58,000 ചതുരശ്രയടി
താഴത്തെ നില : 196 കടകൾ
ഒന്നാം നില : 150 കടകൾ
രണ്ടാം നില : വാണിജ്യസ്ഥാപനങ്ങൾ
ലൈസൻസുള്ള കടകൾ : 213
പാർക്കിംഗ് : 240 വാഹനങ്ങൾ
മാർക്കറ്റിൽ നിന്ന് ഷൺമുഖം റോഡിലേയ്ക്ക് ആകാശപ്പാത