കൊച്ചി : നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണക്കേസിൽ മേലുദ്യോഗസ്ഥർക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കിട്ടിയില്ലെന്നും അന്വേഷണം സി.ബി.ഐക്ക് വിട്ട് ആഗസ്റ്റ് 16ന് സർക്കാർ ഉത്തരവിറക്കിയെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ രാജ്കുമാർ പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ വിജയ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യമറിയിച്ചത്.
ജൂൺ 12 മുതൽ രാജ്കുമാറിനെ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും അടുത്തദിവസം തന്നെ വിട്ടെന്ന് പ്രതികൾ വ്യാജരേഖയുണ്ടാക്കിയെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ ജോസഫ് നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ജൂൺ 21ന് രാജ്കുമാർ മരിച്ച ശേഷമാണ് വ്യാജരേഖയുണ്ടാക്കിയത്. റിമാൻഡ് റിപ്പോർട്ടിലെ പലവിവരങ്ങളും കള്ളമാണെന്നും ജൂൺ 15ന് അറസ്റ്റ് ചെയ്‌തെന്നാണ് അതിലുള്ളതെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
കസ്റ്റഡി വേഷം കിട്ടിയില്ല
ഒന്നാം പ്രതി എസ്.ഐ സാബു വാങ്ങിയ പുതിയ വേഷം ധരിപ്പിച്ചാണ് രാജ്‌കുമാറിനെ റിമാൻഡ് ചെയ്‌തത്. കസ്റ്റഡിയിലായിരുന്നപ്പോൾ രാജ്കുമാർ ധരിച്ച അടിവസ്ത്രമല്ലാതെ മറ്റൊന്നും കണ്ടെടുക്കാനായില്ല. അടിവസ്ത്രം സ്റ്റേഷനോടു ചേർന്ന ടോയ്‌ലെറ്റിന് പിന്നിൽ നിന്ന് കണ്ടെത്തിയിരുന്നു.
എസ്.പിയെ ചോദ്യം ചെയ്‌തു
ഇടുക്കി എസ്.പി, ഡിവൈ.എസ്.പി, നെടുങ്കണ്ടം സി.ഐ തുടങ്ങിയവരുടെ മൊഴിയെടുത്തു. 32 ഉദ്യോഗസ്ഥരുടെ 72 മൊബൈൽ നമ്പരുകളുടെ വിവരവും പരിശോധിച്ചു. 304 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. സാക്ഷികളിൽ 51 പേർ പൊലീസുകാരും 12 പേർ ഹോം ഗാർഡുകളുമാണ്.
പൊലീസുകാരനെടുത്ത ചിത്രം
മർദ്ദനമേറ്റ് അവശനായി സ്റ്റേഷനിലെ വിശ്രമമുറിയിൽ ഷർട്ടും അടിവസ്ത്രവും ധരിച്ച് കൈയാമം വച്ച് തളർന്നു കിടക്കുന്ന രാജ്കുമാറിന്റെ ചിത്രം പൊലീസുകാരൻ മൊബൈലിൽ പകർത്തിയിരുന്നു. ചിത്രവും ഫോണും പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ചു. പൊലീസ് സ്റ്റേഷനിലെയും പീരുമേട് ജയിലിലെയും നെറ്റ് വർക്ക് വീഡിയോ റെക്കാഡറും പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ചു.
വൈദ്യനും ഡോക്ടറും ചികിത്സിച്ചു
മൂന്നാംമുറ കാരണം നടക്കാൻ പറ്റാതായ രാജ്കുമാറിനെ ജൂൺ 14ന് വൈദ്യനെ കാണിച്ചു ചില മരുന്നുകൾ നൽകിയിരുന്നു. ഇക്കാര്യം വൈദ്യൻ മൊഴി നൽകിയിട്ടുണ്ട്. ജൂൺ 15ന് രാത്രി നെടുങ്കണ്ടത്ത് ആശുപത്രിയിലും കാണിച്ചു. പൊലീസിനെ വെട്ടിച്ചോടുമ്പോൾ വീണ് പരിക്കേറ്റെന്നാണ് മെഡിക്കൽ സർട്ടിഫിക്കറ്റിലുള്ളത്. ഇതു പൊലീസ് പറഞ്ഞതനുസരിച്ച് എഴുതിയതാണെന്നാണ് ഡോക്ടറുടെ മൊഴി. ജൂൺ 16ന് പൊലീസ് മുൻകൈയെടുത്ത് ഡിസ്ചാർജ് വാങ്ങി ഇയാളെ മജിസ്ട്രേട്ട് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.