കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ജനകീയ സംഘടന ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ പദ്ധതിയുടെ ഉദ്ഘാടനം ട്വന്റി 20 ചീഫ് കോ ഓർഡിനേറ്റർ സാബു.എം.ജേക്കബ് നിർവഹിച്ചു. ഒരു വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ മാർക്കറ്റ് വിലയുടെ പകുതി വിലയ്ക്ക് നൽകും 36 തവണകളിലായി പണം അടച്ചുതീർത്താൽ മതി. പിന്നീടുള്ള പകുതി തുകയും
പലിശയും പൂർണമായും ട്വന്റി20 വഹിക്കും. ഇത്തരത്തിൽ 10000 രൂപ വിലയുള്ള ഗൃഹോപകരണത്തിന് മാസം 138 രൂപ മാത്രം അടച്ചാൽ മതി. ആദ്യഘട്ടത്തിൽ സ്‌കൂട്ടർ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എൽ.ഇ.ഡി ടിവി, മൊബൈൽ ഫോൺ, അയൺ ബോക്‌സ്, ബെഡ്ഡുകൾ എന്നിവയാണ് വിതരണം ചെയ്യുന്നത്. തുടർന്ന് എല്ലാത്തരം ഗൃഹോപകരണങ്ങളും വിതരണം നടത്തും.എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ വീടുകളുള്ള കിഴക്കമ്പലമാണ് ലക്ഷ്യമാക്കുന്നതെന്ന് ചീഫ് കോ ഓർഡിനേറ്റർ സാബു.എം.ജേക്കബ് പറഞ്ഞു. പദ്ധതി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളെ ഉദ്ദേശിച്ചാണ് നടപ്പാക്കുന്നത്. സി.ഡി.എസ് അദ്ധ്യക്ഷ ലിൻഡ ആന്റണി അദ്ധ്യക്ഷയായിരുന്നു. ട്വന്റി20 ചെയർമാൻ ബോബി.എം.ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജേക്കബ്, വൈസ് പ്രസിഡന്റ് ജിൻസി അജി, ട്വന്റി20 എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അഗസ്റ്റിൻ ആന്റണി, വി.എസ്.കുഞ്ഞുമുഹമ്മദ്, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ മോളിചാനി എന്നിവർ പ്രസംഗിച്ചു.