കൊച്ചിക്ക് വമ്പൻ പദ്ധതിയുമായി ജലഅതോറിട്ടി

 ഇടപ്പള്ളി: ജില്ലയുടെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരത്തിന് ഒരുങ്ങുകയാണ് ജലസേചന അതോറിട്ടി. 280 കോടിയുടെ പുതിയ പ്ലാനിന്റെ പദ്ധതി സർക്കാരിന് സമർപ്പിച്ചു. ആലുവയിലെ നിലവിലുള്ള 265 എം .എൽ .ഡി പ്ലാന്റിനോട് ചേർന്നാണ് പുതിയതും.155 ദശലക്ഷം ലിറ്ററാണ് ശേഷി. പുതിയ പ്ളാന്റിനായി വളപ്പിലെ ഇരുപതോളം കെട്ടിടങ്ങൾ പൊളിച്ചുനീക്കും.

കഴിഞ്ഞ മാർച്ചിലാണ് പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. മൂന്ന് മാസത്തിനുള്ളിൽ ഭരണാനുമതി ലഭിച്ചേക്കുമെന്നാണ് സൂചന. 2021 ഇതോടെ ജില്ലയിൽ മൂന്നു പ്ലാന്റുകളാകും. ആലുവയിലും മരടിലുമാണ് ഇപ്പോൾ ശുദ്ധീകരണ പ്ളാന്റുകളുള്ളത്. കളമശേരി​ കി​ൻഫ്ര പാർക്കി​ലാണ് പുതി​യ ശുദ്ധീകരണ ശാല സ്ഥാപി​ക്കാൻ തീരുമാനി​ച്ചത്. സ്ഥലം വി​ട്ടുകി​ട്ടാനുള്ള ബുദ്ധി​മുട്ടുകൾ കാരണം ഒടുവി​ൽ ആലുവയി​ൽ തന്നെ നി​ശ്ചയിക്കുയായി​രുന്നു.

ഭരണാനുമതി ലഭിച്ചാലുടൻ കരാർ നടപടികൾ തുടങ്ങും
പി. ഗിരീശൻ, ജലഅതോറിട്ടി ഡെപ്യൂട്ടി ചീഫ് എൻജിനീയർ

ആറ് ജല സംഭരണികൾ

പുതിയ പ്ലാന്റിന്റെ ഭാഗമായി ജില്ലയിലെ ആറി​ടത്ത് 120 ലക്ഷം ലിറ്റർ ശേഷി​യുള്ള ജല സംഭരണികൾ സ്ഥാപി​ക്കും. കലൂരിലേതാകും ഏറ്റവും വലുത്. 40 ലക്ഷം ലിറ്റർ. പച്ചാളം ,ചേരാനല്ലൂർ ,തേവര ,ഇടക്കൊച്ചി, കരുവേലി​പ്പടി​ എന്നിവിടങ്ങളിൽ സംഭരണികളുടെ നിർമ്മാണ നടപടികൾ തുടങ്ങി കഴിഞ്ഞു. കലൂരിലെയും കരുവേലിപ്പടിയിലെയും കരാർ നടപടികളിലാണ്. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നി​ർമ്മാണം. 124 കോടിയോളം രൂപയാണ് ഇതിന്റെ ചെലവ് .

വിതരണ ശൃഖലകൾ ഘട്ടംഘട്ടമായി

വിതരണ ശൃംഖല വിപുലപ്പെടുത്താനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി​ 37സോണുകളായി തിരിച്ചു പൈപ്പുകളി​ടും. ജില്ലയുടെ കിഴക്കൻ മേഖലക്കാണ് മുൻ‌തൂക്കം.

പുതിയ പ്ലാന്റ് വരുമ്പോൾ മുടക്കമില്ലാതെ വെള്ളം കിട്ടുന്നത് ഇടങ്ങൾ :

നഗരസഭകൾ :
കൊച്ചി,

ഏലൂർ,

തൃക്കാക്കര ,

കളമശേരി

മരട്,

ആലുവ

പഞ്ചായത്തുകൾ :

ഞാറക്കൽ

എളങ്കുന്നപ്പുഴ

ഞായരമ്പലം

മുളവുകാട്

വരാപ്പുഴ

ചേരാനല്ലൂർ

കീഴ്‌മാട്‌

എടത്തല

ചൂർണ്ണിക്കര

ഒരു ദിവസം വേണ്ടത് 600 ദശലക്ഷം ലിറ്റർ

കൊച്ചി മെട്രോ നഗരമുൾപ്പെടെ ഇപ്പോൾ ലഭ്യമാകുന്നത് ദിവസം 145 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ്. ഭാവി​ലേക്ക് വേണ്ടത് 600 ദശലക്ഷമാണ്. ഇപ്പോൾ കൊച്ചി നഗരത്തിൽ മാത്രമേ പൂർണതോതിൽ വെള്ളമെത്തുന്നുള്ളു. മറ്റെല്ലായി​ടങ്ങളി​ലും മി​ക്കവാറും ഒന്നി​ടി​വി​ട്ട ദി​നങ്ങളിലും.