കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി കെ.പി.സി.സി രൂപം കൊടുത്തിട്ടുള്ള പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കൊച്ചിയിൽ 27ന് മദ്ധ്യമേഖലാ സമ്മേളനം നടത്തും. എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്ന് ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. എറണാകുളം ടൗൺഹാളിൽ രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 3ന് സമാപന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. മുൻ ആസൂത്രണ ബോർഡ് അംഗം സി.പി. ജോൺ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ നിലപാടുകളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. മദ്ധ്യമേഖലയിൽ ഉൾപ്പെടുന്ന ജില്ലകളിലെ കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ രാജീവ്ഗാന്ധി പഞ്ചായത്ത്‌രാജ് സമിതി ചെയർമാൻ എൻ. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, മുൻ മുനിസിപ്പൽ ചേംബർ ചെയർമാൻ ജമാൽ മണക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.