കൊച്ചി : നവോത്ഥാന നായകനും നവകേരള ശില്പികളിൽ പ്രമുഖനുമായ സഹോദരൻ അയ്യപ്പന്റെ ജന്മദിനം വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആഘോഷിച്ചു.
കടവന്ത്ര ജി.സി.ഡി.എക്ക് മുമ്പിലെ സഹോദര പ്രതിമയിൽ നടന്ന പുഷ്പാർച്ചനയിൽ പ്രൊഫ.എം.കെ. സാനു, പ്രൊഫ.എം.കെ. പ്രസാദ്, കണയന്നൂർ എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ. മാധവൻ, ടി.കെ. പത്മനാഭൻ, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ, എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖാ പ്രസിഡന്റ് ജവഹരി നാരായണൻ, സെക്രട്ടറി കെ.കെ. പ്രകാശൻ, വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ്, പി.വി. സാംബശിവൻ, സി.വി. വിശ്വൻ, ഭാമ പത്മനാഭൻ, എസ്.എൻ.വി സദനം പ്രസിഡന്റ് എം.ആർ. ഗീത തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണ സേവാസംഘം സംഘടിപ്പിച്ച സഹോദരൻ അയ്യപ്പഅനുസ്മരണ സമ്മേളനം പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം ചെയ്തു. സാമൂഹികനീതിയെ തച്ചുതകർക്കാൻ രാജ്യമാകെ നടക്കുന്ന ശ്രമങ്ങൾക്കെതിരായ ജനമുന്നേറ്റത്തിന് സഹോദരൻ അയ്യപ്പന്റെ ഓർമ്മകൾ കരുത്തു പകരുമെന്നും ശ്രീനാരാണഗുരുവിനെ പോലെ ആദ്ധ്യാത്മികാചാര്യന്മാരും അയ്യൻകാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയ നവോത്ഥാന നായകന്മാരും രൂപപ്പെടുത്തിയ കേരളം പോലും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങായി മാറയെന്ന് അദ്ദേഹം പറഞ്ഞു.
സംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എം.കെ. പ്രസാദ്, സംഘം സെക്രട്ടറി പി.പി. രാജൻ, കെ.കെ. മാധവൻ എന്നിവർ പ്രസംഗിച്ചു. സഹോദരൻ അയ്യപ്പൻ രചിച്ച കവിതകൾ ശ്രുതി ആലപിച്ചു.