കൊച്ചി: ഖത്തറിലെ ജയിലിൽ കുടുങ്ങിയ മകനെ രക്ഷിക്കണമെന്ന അപേക്ഷയുമായി മാതാപിതാക്കൾ. പറവൂർ കടമക്കുടി ചരിയംതുരുത്ത് മുറിയിൽ അമ്പാട്ട് വീട്ടിൽ ആന്റണിയും ഭാര്യ ലാൻസിയുമാണ് മകൻ ആൻസൻ ആന്റണി(25)യെ കാണാനില്ലെന്ന പരാതിയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യഫെ‌ഡിലെ താത്കാലിക ജീവനക്കാരനായ ആൻസൻ കഴിഞ്ഞ ജനുവരിയിൽ ജോലി സ്ഥലത്തേക്ക് പോയതാണെന്നും പിന്നീട് കണ്ടിട്ടില്ലെന്നും ഇവർ പറയുന്നു. മാർച്ചിൽ വിളിച്ച് ഖത്തറിലെ എണ്ണക്കപ്പലിലാണെന്ന് പറഞ്ഞു. പിന്നീട് വിവരമില്ല. ആൻസണിന്റെ കൂട്ടുകാരനാണ് ഇയാൾ ഖത്തറിലെ ജയിലിലാണെന്ന് പറഞ്ഞത്. ഖത്തറിൽ ജോലിയുണ്ടെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടുപോയ കൂട്ടുകാർ ഒരു ബാഗ് നൽകിയെന്നും എയർപോർട്ടിലെ പരിശോധനയിൽ അതിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തി. തുടർന്ന് ആൻസണെ അറസ്റ്റ് ചെയ്യുകയും തുടർന്ന് അഞ്ച് കൂട്ടുകാരും കൂടി പിടിയിലാവുകയും ചെയ്തെന്നാണ് ലഭിച്ച വിവരമെന്ന് ആന്റണി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പരാതിയുമായി ആദ്യം ചെന്നപ്പോൾ വരാപ്പുഴ പൊലീസ് മോശമായി പെരുമാറിയെന്നും പിന്നീട് ഉന്നതോദ്യോഗസ്ഥർ ഇടപെട്ടപ്പോഴാണ് അന്വേഷണം ആരംഭിച്ചതെന്നും ആന്റണി പറയുന്നു. എങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും മകനെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കണമെന്നും ആന്റണി പറഞ്ഞു