കൊച്ചി: പ്രളയ ദുരന്തത്തിൽ കഷ്‌ടത അനുഭവിക്കുന്ന കുട്ടികൾക്ക് പഠനസാമഗ്രികൾ നൽകുന്ന ആശ്വാസത്തിന്റെ കൈവഴികളായി ഇന്ന് ശ്രീകൃഷ്‌ണജയന്തി ശോഭായാത്രകൾ മാറും. പഠനോപകരണങ്ങൾ നഷ്‌ടപ്പെട്ടവർക്ക് കൈമാറാനൊരു സമ്മാനവുമായാണ് ഉണ്ണിക്കണ്ണൻമാർ ശോഭായാത്രയിലെത്തുക.
കൃഷ്‌ണനും രാധയുമായി കൂട്ടുകാർക്ക് പുസ്‌തകസഞ്ചി ഒരുക്കാം എന്ന ആശയമുൾക്കൊണ്ട് ശോഭായാത്രിയിൽ പങ്കെടുക്കുന്ന ഓരോ കൃഷ്‌ണ ഭക്തനും പേന, പെൻസിൽ, സ്‌കെയിൽ, നോട്ട് ബുക്ക്, സ്‌കൂൾ ബാഗ്, ടിഫിൻ ബോക്‌സ്, ഇൻസ്‌ട്രുമെന്റ് ബോക്‌സ്, പെൻസിൽ ബോക്‌സ് തുടങ്ങിയവ ഉചിതമായ അളവിൽ ശ്രീകൃഷ്‌ണ രഥത്തിലോ അനുബന്ധ വാഹനത്തിലോ സമർപ്പിക്കാം. 'അതിരുകളില്ലാത്ത സൗഹൃദം, മതിലുകൾ ഇല്ലാത്ത മനസ്' എന്നതാണ് ഈ വർഷത്തെ ശ്രീകൃഷ്‌ണ ജയന്തി സന്ദേശം. കൊച്ചി മഹാനഗർ പരിധിയിൽ 114 ശോഭായാത്രകളാണ് നടക്കുക. ആർഭാടം കുറച്ച് നാമജപത്തിനും ഭജനയ്‌ക്കുമാണ് പ്രാധാന്യം. പ്‌ളാസ്‌റ്റിക് തോരണങ്ങൾ പൂർണമായും ഒഴിവാക്കും.
മറൈൻഡ്രൈവ് ഹെലിപാഡ്, അയ്യപ്പൻകാവ് ക്ഷേത്രം, എറണാകുളം തിരുമല ദേവസ്വം ക്ഷേത്രം, രവിപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് വൈകിട്ട് നാലു മണിക്ക് ആരംഭിക്കുന്ന ശോഭായാത്രകൾ രാജേന്ദ്രമൈതാനം ജംഗ്‌ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി ഏഴു മണിക്ക് എറണാകുളത്തപ്പൻ ക്ഷേത്രത്തിലെത്തും.