auto

തൃക്കാക്കര : യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തിൽ രണ്ട് ഓട്ടോ ഡ്രൈവർമാരോട് പാലിയേറ്റിവ് കെയറിൽ രോഗീ പരിചരണം നടത്താൻ ജില്ലാ കളക്ടർ എസ് .സുഹാസ് നിർദേശം നൽകി.കഴിഞ്ഞ ദിവസം എറണാകുളത്ത് രണ്ടിടങ്ങളിലായിരുന്നു സംഭവം നടന്നത്.നോർത്ത് പാലത്തിന് സമീപം വാഹനം ഓടിക്കുന്നതിനിടെ റോഡിലെ മലിന ജലം തെറിച്ചെന്നാരോപിച്ചു കാർ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർമാരായ കടവന്ത്ര സ്വദേശി ഷിജോ ജോർജിന്റെ ലൈസൻസും ഡ്രൈവിംഗ് പരിശീലന വാഹനം തടഞ്ഞുനിർത്തി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എളമക്കര സ്വദേശി ശരത് ബാബുവിനുമാണ്‌ ജില്ലാ കളക്ടർ മാതൃകാപരമായ ശിക്ഷ വിധിച്ചത്. ഇരുവരുടെയും വാഹനം ആർ.ടി. ഒ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.


ആദ്യ സംഭവത്തിലെ ഡ്രൈവറോട് 15 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയറിൽ സേവനം അനുഷ്ഠിക്കാനും അതിനു ശേഷം 15 ദിവസം കാൻസർ വാർഡിൽ രോഗികളെ പരിചരിക്കാനും നിർദേശിച്ചു.രണ്ടാമത്തെ സംഭവത്തിൽ ഡ്രൈവറോട് 12 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ രോഗീ പരിചരണം നടത്തുവാനും നിർദേശം നൽകി.ഇതിനായി ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട് . ഈ കാലയളവിൽ ഇദ്ദേഹം ഹോസ്പിറ്റൽ സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിന്റ് അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണ് .ഈ നടപടിയെ ഒരു ശിക്ഷയായി കരുതാതെ മാറ്റത്തിനുള്ള ഒരു അവസരമായി കരുതി സേവനത്തിലൂടെ ഇവർക്ക് രണ്ടാൾക്കും പ്രത്യക്ഷമായ മാറ്റം സ്വഭാവത്തിൽ ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.