തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിക്ക് 75 വയസ്. 1944 നവ. 26 ന് മുതലിയാർ ഭാഗം യുവജന സമിതിയുടെ നേതൃത്വത്തിൽ 13 ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ചതാണ് ലൈബ്രറി.കെ.കെ.പരമേശ്വരൻ പിള്ള സൗജന്യമായി നൽകിയ പീടിക മുറിയിലായിരുന്നു തുടക്കം. വായനശാലയായി തുടങ്ങി 2 വർഷത്തിനുള്ളിൽ ഗ്രന്ഥശാലയായി ഉയർന്നു.തുടർന്ന് മട്ടാഞ്ചേരി മുനിസിപ്പാലിറ്റി വായനശാലക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി കരുവേലിപ്പടി മഹാരാജാസ് ആശുപത്രിക്ക് സമീപം പുറമ്പോക്ക് സ്ഥലം അനുവദിച്ചു കൊടുത്തു.1950 ൽ ഈ സ്ഥലത്തേക്ക് വായനശാല മാറ്റി.61 ൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷിച്ചു.1970 ൽ വായനശാലയുടെ സിൽവർ ജൂബിലിയാഘോഷിച്ചു.1984 ൽ കേരള ഗ്രന്ഥശാലാ സംഘം കൊച്ചി താലൂക്കിലെ ആദ്യ റഫറൻസ് ലൈബ്രറിയായി അംഗീകരിച്ചു.1994 ൽ സുവർണ ജൂബിലിയാഘോഷം നടത്തി.കടമ്മനിട്ട രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കരിയർ ഗൈഡൻസ് വിഭാഗത്തിൽ മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന ആയിരം പുസ്തകങ്ങളും ഉണ്ട്. സാഹിത്യ വേദി, ബാലവേദി, വനിതാവേദി, എൽഡേഴ്സ് ഫോറം, യുവത, ടാക്കീസ്, കരിയർ ഗൈഡൻസ് സെന്റർ എന്നിവയും 13 ദിനപത്രഞളും 40 ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷനിൽ എ ക്ളാസ് ഗ്രെയ്ഗഡിൽ ഉൾപ്പെട്ട ലൈബ്രറിക്ക് 4 തവണ മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.ബി.ബി.സിയുടെ ഡോക്യുമെന്ററി ഡിവിഷൻ കൊച്ചിയിലെ സാംസ്ക്കാരിക കേന്ദ്രങ്ങളെക്കുറിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിയിൽ ലൈബ്രറിയെ ഉൾപ്പെടുത്തി. സ്ഥാപകാംഗം 87 കാരനായ വി.യു.ചന്ദ്രശേഖരൻ പിള്ള കഴിഞ്ഞ 55 വർഷമായി ലൈബ്രറിയുടെ പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ്. സി. എസ്. ജോസഫാണ് സെക്രട്ടറി.
#വായനശാലയിൽ 1100 അംഗങ്ങളും 25000 പുസ്തക ശേഖരവും ഉണ്ട്. കുട്ടികൾക്ക് മാത്രമായി 3000 പുസ്തക ശേഖരമുണ്ട്.
# 2018ൽ ജില്ലയിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്തു
#ഉദാഘാടനം 25 ന്
ടാഗോർ ലൈബ്രറിയുടെ 75ാം വാർഷിക സമ്മേളനം 25 ന് വൈകിട്ട് 5ന് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും.കെ.ജെ. മാക്സി എം.എൽ.എ.ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.ജീർണാവസ്ഥയിലായ കെട്ടിടം എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിയാനുള്ള ഒരുക്കത്തിലാണ്.