കൊച്ചി: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായ അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മൂന്നാംപ്രതി എ.ആർ. അമറിനെ മുൻകൂർ ജാമ്യഹർജി നിലവിലുണ്ടെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. മുൻകൂർ ജാമ്യഹർജി നിലവിലിരിക്കെ മുൻ കേന്ദ്രമന്ത്രിയെ കഴിഞ്ഞദിവസം ഡൽഹിയിൽ അറസ്റ്റുചെയ്തതു കണ്ടില്ലേ? മുൻകൂർ ജാമ്യഹർജി നിലവിലുള്ളത് അറസ്റ്റിന് തടസമല്ല. കേസിന്റെ ഗൗരവവും സ്വഭാവവുമാണ് പരിഗണിക്കേണ്ടത്. ഹർജിക്കാരൻ ഒളിവിലല്ലെന്ന് പറയുന്നു. എന്താണ് അറസ്റ്റ് ചെയ്യാത്തത് ? സ്വാധീനമുള്ളതുകൊണ്ടല്ലേ അറസ്റ്റ് ചെയ്യാത്തത് ? മറ്റേതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്കാരനായിരുന്നെങ്കിൽ അറസ്റ്റ് ഉണ്ടാകുമായിരുന്നില്ലേ - സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു. മൂന്നാം പ്രതി അമറിന്റെ മുൻകൂർ ജാമ്യഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.
ഇന്നലെ ഹർജി പരിഗണിക്കവേ അമറിന് ആക്രമണത്തിൽ പങ്കില്ലെന്നും മറ്റുള്ളവർക്കൊപ്പം ശകാരിക്കാൻ കൂടിയതേയുള്ളൂവെന്നും തൊണ്ടിമുതൽ കണ്ടെടുക്കേണ്ടതില്ലാത്തതിനാൽ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ തെളിവു കണ്ടെടുക്കാൻ മാത്രമല്ല കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. ഹർജിക്കാരന് പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നുണ്ട്. ഇതല്ല ശരിയായ അന്വേഷണരീതിയെന്നും സിംഗിൾബെഞ്ച് കുറ്റപ്പെടുത്തി. കേസിലെ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചെന്ന വാദം പരിഗണിച്ച ഹൈക്കോടതി കോളേജിൽ കുട്ടികൾക്ക് സ്വതന്ത്രമായി വരാൻ കഴിയുന്ന സാഹചര്യമില്ലെങ്കിൽ കോടതിക്ക് കണ്ണും പൂട്ടിയിരിക്കാൻ കഴിയില്ലെന്നും വാക്കാൽ പറഞ്ഞു. ഇത്തരം കേസുകളിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് ദ്രോഹമായി മാറുമെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് മുൻകൂർ ജാമ്യഹർജി ആഗസ്റ്റ് 30 ന് പരിഗണിക്കാൻ മാറ്റി.