അങ്കമാലി : സ്‌കൂൾ പൗൾട്രി ക്ലബ് പദ്ധതിയുടെ ഉദ്ഘാടനം നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. അഞ്ചാംക്ലാസ് മുതൽ ഒമ്പതാംക്ലാസ് വരെയുള്ള 50 വിദ്യാർത്ഥികൾക്ക് 45 ദിവസം പ്രായമായ 5 കോഴിക്കുഞ്ഞുങ്ങളെയും കോഴി തീറ്റയും സൗജന്യമായി നൽകും. പഠനത്തോടൊപ്പം തൊഴിലും സമ്പാദ്യവും ലക്ഷ്യമാക്കുന്ന പദ്ധതിയാണിത്.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി പദ്ധതി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലിവർഗീസ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോ.എം.എ. മനോജ് കുമാർ പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ രേഖ ശ്രീജേഷ്, ഷൈറ്റ ബെന്നി, ടി. വൈ. ഏല്യാസ്, എം.എ. സുലോചന, കെ.ആർ. സുബ്രൻ, പി.ടി.എ പ്രസിഡന്റ് എം.കെ. റോയി, പ്രധാന അദ്ധ്യാപകൻ കെ.പി.കെ. മണികണ്ഠൻ, സീനിയർ അസിസ്റ്റന്റ് എമിലി സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി എം.ആർ. അനിത എന്നിവർ സംസാരിച്ചു.