സി.മീര

കൊച്ചി: എലിപ്പനിക്കെതിരെ അത്യധികം ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം, മൃഗപരിപാലനം, ശുചീകരണം, കൃഷി, കയർ മേഖല, കക്ക വാരൽ, മത്സ്യ ബന്ധനം, തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ കഴിക്കാൻ സാധിക്കാത്തവരും പ്രളയ സമയത്തോ തുടർന്നോ മലിന ജലവുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവരും മരുന്ന് കഴിക്കണമെന്ന നിർദ്ദേശമുണ്ട്. ആഗസ്റ്റ് 17ലെ ഡോക്‌സി ദിനമായി ആചരിച്ചിരുന്നു. ആഗസ്റ്റ് 24 നാണ് അടുത്ത ഡോക്‌സി ദിനം. മരുന്ന് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആഹാരത്തിന് ശേഷമാണ് പ്രതിരോധ മരുന്ന് കഴിക്കേണ്ടത്. തുടർച്ചയായി 6 ആഴ്ചകളിൽ പ്രതിരോധ മരുന്ന് കഴിക്കണം. ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും, 2 വയസ്സിന് താഴെയുള്ള കുട്ടികളും എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിൻ കഴിക്കരുതെന്നും ഡോക്ടറുടെ നിർദേശപ്രകാരം അമോക്‌സിലിൻ എന്ന മരുന്ന് ആണ് കഴിക്കേണ്ടതെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

എലിപ്പനി വരുന്ന വഴി

എലി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി എലിപ്പനിയുടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാണ് രോഗമുണ്ടാക്കുന്നത്. ശരീരത്തിൽ, പ്രത്യേകിച്ചും കൈ,കാലുകളിൽ മുറിവുള്ളവർ, മുറിവുണങ്ങുന്നത് വരെ മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിലേർപ്പെടരുത്.

ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന പനി

തലവേദന

പേശിവേദന

സന്ധിവേദന

 മൂത്രത്തിന് കടുത്ത മഞ്ഞനിറം

ഓക്കാനം, ഛർദി

വയറിളക്കം

കണ്ണിൽ ചുവപ്പ് നിറം

രക്തസ്രാവം

മൂത്രത്തിന്റെ അളവ് കുറയുക

 ഡോക്‌സി ദിനം