mokshanam
മേക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രഓഫിസിലെ അലമാരി കുത്തിത്തുറന്ന നിലയിൽ

നെടുമ്പാശേരി: കാരക്കാട്ടുകുന്ന് ശ്രീ ദുർഗാഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയതിനു പിന്നാലെ മേക്കാട് സുബ്രഹ്മണ്യ സ്വാമി, ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിലും കവർച്ച. 12000 രൂപയോളം മോഷ്ടിച്ചു. ഇന്നലെ രാവിലെ നട തുറക്കാൻ വന്ന ശാന്തിയാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കവർച്ച നടന്ന കാര്യമറിയുന്നത്.

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മാനേജരാണ് ഓഫീസിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. ഇവിടത്തെ ഓഫീസ് കുത്തിത്തുറന്ന് അലമാരി തകർത്താണ് പതിനായിരം രൂപ കവർന്നത്. ഷെൽഫിലെ മറ്റു സാധങ്ങൾ പുറത്ത് വാരിവിതറിയിട്ടുണ്ട്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലെ മേശയുടെ താഴ് തകർത്താണ് 2000 രൂപ മോഷ്ടിച്ചത്. കമ്പികൊണ്ടോ മറ്റോ തിക്കിത്തുറന്നാണ് കവർച്ച നടത്തിയിട്ടുള്ളത്. ക്ഷേത്രഭാരവാഹികൾ ചെങ്ങമനാട് പൊലീസിൽ വിവരമറിയിച്ചു. വൈകിട്ടോടെ പൊലീസെത്തി പരിശോധന നടത്തി. പ്രദേശത്ത് രാത്രി പൊലീസ് പട്രോളിംഗ് വേണമെന്ന് ക്ഷേത്രഭാരവാഹികൾ ആവശ്യപ്പെട്ടു.