പറവൂർ : വട്ടമെത്തിയിട്ടും ചിട്ടിപ്പണം നൽകാതെ നൂറുകണക്കിന് ചിറ്റാളരെ കബളിപ്പിച്ച് ലക്ഷങ്ങളുമായി മുങ്ങിയ ചിട്ടിക്കമ്പനി ഉടമകളിൽ ഒരാൾ അറസ്റ്റിലായി. ചേന്ദമംഗലം ആസ്ഥാനമായ ശ്രീവിദ്യ ജയലക്ഷ്മി കുറീസ് ഉടമകളിൽ ഒരാളായ ചെറായി പുതുപ്പിളളി വീട്ടിൽ പി.കെ.ഗോപിയാണ് പിടിയിലായത്. ഇയാൾ സ്വയം കീഴടങ്ങിയതാണെന്നും പറയുന്നു.

ഗോപിയുടെ മക്കളായ വിനൂപ് ,അനൂപ്, ബന്ധുവായ അയ്യപ്പിളളി കൈതവളപ്പിൽ വേണുഗോപാൽ എന്നിവരാണ് മറ്റ് നടത്തിപ്പുകാർ .ഇവരെല്ലാം ഒളിവിലാണ്. കഴിഞ്ഞ 19 നാണ് ചേന്ദമംഗലത്തെ ഹെഡ് ഓഫീസും ശാഖകളും പൂട്ടി ഉടമകൾ ഒളിവിൽ പോയത്.

ചിട്ടിവട്ടമെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് പണം നൽകാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു.19ന് പണം നൽകാമെന്ന് പറഞ്ഞ് ചിലരെ ചേന്ദമംഗലത്തെ ഓഫീസിൽ വിളിച്ചു വരുത്തി. എന്നാൽ ഉടമകൾ എത്തിയില്ല. ഓഫീസിൽ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ഓഫീസിൽ തടഞ്ഞുവെച്ചപ്പോൾ പൊലീസ് ഇടപെട്ട് ഓഫീസ് പൂട്ടി. എറണാകുളം ജില്ലയിൽ അഞ്ചും തൃശൂരിൽ ഒരു ശാഖയുമാണ് സ്ഥാപനത്തിനുള്ളത്. എത്ര പേർക്ക് പണം നഷ്ടപ്പെടിട്ടുണ്ടെന്ന് വ്യക്തമല്ല. വടക്കേക്കര സ്റ്റേഷനിൽ മാത്രം നൂറിലധികം പരാതികൾ കിട്ടിയിട്ടുണ്ട്. ചിട്ടി വിളിച്ച് പണം വാങ്ങിയവർ പ്രളയത്തിന്റെ പേരിൽ ഗഡുക്കൾ തിരിച്ചടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു.