മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല കമ്മറ്റി പ്രളയ ബാധിതരെ സഹായിക്കാൻ ഒരു കോടി രൂപ സമാഹരിക്കുമെന്ന് ജില്ല പ്രസിഡന്റ് പി.സി ജേക്കബ് പറഞ്ഞു 'വ്യാപാരിക്ക് ഒരു കൈത്താങ്ങ്'' പദ്ധതിയുടെ . താലൂക്ക്തല ഉദ്ഘാടനം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടർന്ന് വ്യാപാര സ്ഥാപനം നഷ്ടപ്പെട്ട മലബാർ മേഖലയിലെ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മറ്റി ഒരു കോടി രൂപയുടെ സഹായം നൽകും. ജില്ലയിലെ വിവിധ യൂണിറ്റുകളിലെ 45000 അംഗങ്ങളിൽ നിന്ന് ഒരു ദിവസത്തെ വരുമാനം സംഭാവനയായി സ്വീകരിച്ചാണ് പ്രളയബാധിതർക്ക് നൽകുക. പ്രളയത്തിൽ വ്യാപാരസ്ഥാപനങ്ങൾക്ക് വന്ന നഷ്ടത്തിന് സർക്കാരിൽ നിന്ന് യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. എന്നാൽ ജില്ല കമ്മറ്റിസമാഹരിച്ച 75 ലക്ഷം രൂപ ജില്ലയിലെ വ്യാപാരികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ചടങ്ങിൽ മൂവാറ്റുപുഴ മേഖല കമ്മറ്റി ഒന്നാം ഘട്ടമായി സമാഹരിച്ച ഒരു ലക്ഷം രൂപ ജില്ല പ്രസിഡന്റ് പി.സി ജേക്കബിന് കൈമാറി. മേഖല പ്രസിഡന്റ് പി.എ കബീർ അദ്ധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ സി.എസ് അജ്മൽ മുഖ്യ പ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡന്റ് പി.കെ ബേബി, പി.വി റോയി, പി.യു ഷംസുദ്ദീൻ, സെക്രട്ടറി ജോബി ജോസഫ്, കുട്ടൻപിള്ള, കെ.വി പൗലോസ്, ജോബി ജോൺ, സൈമൺ ആവോലി തുടങ്ങിയവർ സംസാരിച്ചു.