പറവൂർ : മാച്ചാംതുരുത്ത്, കുഞ്ഞിത്തൈ പ്രദേശത്ത് ഭീതി പരത്തിയ തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. മറ്റ് പലരെയും ആക്രമിക്കാൻ ശ്രമിച്ച നായക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നു. നായയെ പിടികൂടാൻ യുവാക്കൾ നടത്തിയ ശ്രമം വിജയിച്ചില്ല.

മാച്ചാംതുരുത്ത് പുതുശേരി പൗലോസിന്റെ മകൾ ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥിനി അഞ്ജു, കുഞ്ഞിത്തൈ ചുള്ളിക്കൽ ജോണിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി ജോമോൻ എന്നിവർക്കാണ് ആദ്യം നായയുടെ കടിയേറ്റത്. രാവിലെ ട്യൂഷൻ ക്ലാസിൽ നിന്ന് വരുമ്പോഴാണ് ഇരുവരെയും ആക്രമിച്ചത്. പിന്നീട് കുഞ്ഞിത്തൈ പുത്തൻവീട്ടിൽ ഗിരിവാസനെ (50) പിന്നിലൂടെ എത്തി കടിച്ചു. ഇതിനുശേഷം കാണാതായ നായ ഉച്ചക്ക് ശേഷം മാച്ചാംതുരുത്തിൽ കടയിൽ പോയി മടങ്ങുകയായിരുന്ന കുഞ്ഞിത്തൈ വാഴപ്പിള്ളി പോളിന്റെ ഭാര്യ ഗ്രേസി ഡി.സിൽവയെ (64) കടിച്ച് പരിക്കേൽപ്പിച്ചു എല്ലാവരുടെയും കാലിനാണ് പരിക്ക് .

മൂന്ന് പേരെ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ച് പേവിഷബാധയ്ക്കുള്ള ചികിത്സ നൽകി. താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നേടിയ ഗ്രേസി ഇന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടും. വളർത്തു മൃഗങ്ങളെ നായ കടിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്.