പള്ളുരുത്തി: പൊലീസ് സ്റ്റേഷന് സമീപമുള്ള കടകൾ കുത്തിതുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.കല്ലുചിറ ഭാഗത്ത് കണ്ടത്തി പറമ്പിൽ വീട്ടിൽ ചെങ്കീരി എന്ന് വിളിക്കുന്ന ഷിറാസ് (22) ആണ് അറസ്റ്റിലായത്. കൂട്ടാളികൾക്കുവേണ്ടി പൊലീസ് വലവിരിച്ചു കഴിഞ്ഞു. ഇന്നലെ പുലർച്ചെ 3 മണിയോടെ തകർത്ത് പെയ്ത മഴയത്താണ് സംഭവം.ബിവറേജിന് സമീപമുള്ള കടകളും കട ഭാഗത്തുള്ള സെന്റ് ജേക്കബ് ചാപ്പലിന്റെ പൂട്ടും കുത്തിതുറന്നാണ് കവർച്ച നടത്തിയത്. കടകളിൽ നിന്നും പണവും സിഗററ്റുകളും മറ്റും മോഷണം പോയി.പണവും മറ്റും കൂട്ടാളികളുമായി പങ്കുവെച്ച ശേഷം തലവനായ ഷിറാസ് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലാകുന്നത്. ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് ഈ അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. ആലപ്പുഴ ജില്ലയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട് കവർച്ച ചെയ്ത് കിട്ടുന്ന പണം ആർഭാട ജീവിതം നയിച്ചു വരികയാണ്.പല സ്ഥലങ്ങളിലായി ഇയാൾ വാടകക്ക് താമസിക്കുന്നതാണ് പതിവ്.സി.ഐ. ജോയ് മാത്യം, എസ്.ഐ.സി.ആർ.സിംഗ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ.പി.ബിജു, ജിനേഷ്, ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.