vk-ibrahim-kunju

കൊച്ചി:പാലാരിവട്ടം ഫ്ലൈഓവർ നിർമാണത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ്‌ സംഘം മുൻ പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിൽ നിന്ന് മൊഴിയെടുത്തു. വിജിലൻസ് എറണാകുളം യൂണിറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയുള്ള മൊഴിയെടുക്കൽ മൂന്നര മണിക്കൂർ നീണ്ടു. പൊരുത്തക്കേടുണ്ടെങ്കിൽ വീണ്ടും മൊഴിയെടുക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി.


നിർമാണത്തിന്‌ മേൽനോട്ട ചുമതലയുണ്ടായിരുന്ന റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷന്റെ (ആർ.ബി.ഡി.സി.കെ) ചെയർമാനും ഇബ്രാഹിംകുഞ്ഞായിരുന്നു. ഫ്ലൈഓവർ നിർമാണത്തിൽ ഗുരുതര വീഴ്‌ചയുണ്ടായതായി ഇബ്രാഹിം കുഞ്ഞ് മൊഴി നൽകി. അതിന് കാരണക്കാർ ഉദ്യോഗസ്ഥരും കരാറുകാരുമാണ്. തനിക്ക്‌ അറിവുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും വ്യക്തമാക്കി.


വിജിലൻസ്‌ എസ്‌.പി വി.ജി.വിനോദ്‌കുമാർ, ഡിവൈ.എസ്‌.പി ആർ. അശോക്‌കുമാർ, ഇൻസ്‌പെക്‌ടർ വിനോദ്‌കുമാർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ. കരാർ കമ്പനിയിലെയും ആർ.ബി.ഡി.സി.കെയിലെയും ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് വിജിലൻസ് കേസ്.

 വിവരങ്ങൾ സത്യസന്ധമായി കൈമാറി. വീഴ്ചയ്‌ക്ക് കാരണക്കാരായവർക്കെതിരെ നടപടി വേണം. അന്വേഷണവുമായി സഹകരിക്കും,
വി.കെ.ഇബ്രാഹിം കുഞ്ഞ്