congress
കൊച്ചി മെട്രോയുടെ കരാർ ലംഘനത്തിനെതിരെ കോൺഗ്രസ് ചൂർണിക്കര മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ

ആലുവ: കുന്നത്തേരി ചവർപാടത്തെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത കൊച്ചി മെട്രോയ്ക്കെതിരെ കോൺഗ്രസ് ചൂർണിക്കര മണ്ഡലം കമ്മിറ്റി ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ചെറിയ മഴ പെയ്താൽ ചവർപാടം, ചമ്പ്യാരം പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും സമീപത്തുള്ള നൂറു കണക്കിന് വീടുകളിൽ വെള്ളംകയറി ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയും ചെയ്യേണ്ട അവസ്ഥയാണ്. മെട്രോയാർഡ് പണിയുന്ന സമയത്ത് സമീപത്തുള്ള തോട് വീതിയും ആഴവും കൂട്ടി വികസിപ്പിക്കുമെന്നും വെള്ളക്കെട്ട് പരിഹരിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ മെട്രോ അധികൃതർ വാക്ക് പാലിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനപ്രതിനിധികളും പരിസരത്തുള്ള ജനങ്ങളും പലതവണ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും മെട്രോ അധികാരികൾ തിരിഞ്ഞുനോക്കിയില്ല. മെട്രോ അധികാരികൾ ജനങ്ങളെ ദുരിതത്തിലാക്കുന്നത് അവസാനിപ്പിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂട്ടായ്മ. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, മുഹമ്മദ് ഷെഫീക്ക്, കെ.കെ. ശിവാനന്ദൻ, ജി. മാധവൻകുട്ടി, രാജു കുംബ്‌ളാൻ, ശാന്ത ഉണ്ണിക്കൃഷ്ണൻ, സി.പി. നാസർ, വില്യം ആലത്തറ, സി.പി. നൗഷാദ്, ആർ. രഹൻരാജ് എന്നിവർ സംസാരിച്ചു. വിഷയം പരിഹരിച്ചില്ലെങ്കിൽ മെട്രോ വില്ലേജിനായി സ്ഥലം എടുക്കാനുളള ശ്രമം തടയുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ പറഞ്ഞു.