കൂത്താട്ടുകുളം : തിരുമാറാടി പഞ്ചായത്തിൽ ഏറ്റവുമധികം നെൽകൃഷി നടത്തുന്ന പാടങ്ങളിൽ ഒന്നായ ഇടമറ്റം പാടശേഖരത്തിലെ കർഷകരുടെ ദീർഘകാല ആവശ്യമായിരുന്ന ഇടമറ്റം ചിറ യാഥാർത്ഥ്യമായി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച ചിറയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുമിത് സുരേന്ദ്രൻ നിർവഹിച്ചു. ചിറയുടെ നിർമ്മാണത്തോടനുബന്ധിച്ച് കുളിക്കടവും പലകപ്പുരയും നിർമിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഒ എൻ വിജയൻ അദ്ധ്യക്ഷനായിരുന്നു.കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അനിൽ ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസി ജോണി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുഷ്പലത രാജു, കെ എ ജയ, ശ്യാമള ഗോപാലൻ, വി സി കുര്യാക്കോസ്, രമ മുരളീധരകൈമൾ, കെ ആർ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.