കൊച്ചി : നിർമ്മാണത്തകരാർ മൂലം അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം ഫ്ളൈ ഓവർ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ചെറുവാഹനങ്ങളെ ഫ്ളൈ ഓവർ വഴി സഞ്ചരിക്കാൻ അനുവദിക്കുകയും ബൈപ്പാസിൽ യു.ടേൺ സൗകര്യം ഒരുക്കുകയും ചെയ്യണമെന്നാണ് പ്രധാന ആവശ്യങ്ങൾ. നിർമ്മാണത്തിലെ ക്രമക്കേടുകൾ മൂലം ബലക്ഷയത്തിലായ ഫ്ളൈ ഓവർ അറ്റകുറ്റപ്പണികൾക്കു വേണ്ടി അടച്ചിട്ട് രണ്ടു മാസം പിന്നിട്ടു. താത്ക്കാലിക പണികളും ഫലിക്കാതെ വന്നതോടെയാണ് പൂർണമായും അടച്ചത്. മദ്രാസ് ഐ.ഐ.ടിയുടെ വിദഗ്ദ്ധരും സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘവും മെട്രോമാൻ ഇ. ശ്രീധരനും ഫ്ളൈ ഓവർ പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന് നൽകിയെങ്കിലും നടപടികൾ അന്തിമമായി തീരുമാനിച്ചിട്ടില്ല.

ഇടപ്പള്ളി അരൂർ ദേശീയപാത ബൈപ്പാസിൽ സംസ്ഥാന സർക്കാരാണ് മേല്പാലം പണിതത്. ആയിരക്കണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോയിരുന്ന പാലം അടച്ചതോടെ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കാക്കനാട്ടു നിന്ന് എറണാകുളത്തേയ്ക്കും തിരിച്ചും സഞ്ചരിക്കുന്ന ബസുകൾ ഉൾപ്പെടെ വാഹനങ്ങളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. ഈ ദിശയിൽ സഞ്ചരിക്കാൻ രണ്ടു മിനിറ്റ് മാത്രമാണ് സിഗ്നൽ സമയം ലഭിക്കുന്നത്. ബൈപ്പാസിൽ അഞ്ചു മിനിറ്റും ലഭിക്കും.

# ചെറുവാഹനങ്ങൾ അനുവദിക്കണം

താൽക്കാലിക പണികൾ പൂർത്തിയാക്കിയ ഫ്ളൈ ഓവറിലൂടെ ചെറിയ വാഹനങ്ങൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവ കടത്തിവിട്ടാൽ കുരുക്കിൽ ചെറിയ ആശ്വാസം ലഭിക്കും. ബൈപ്പാസ് വഴി സഞ്ചരിക്കുന്ന ചെറുവാഹനങ്ങൾക്ക് കുരുക്കിൽപ്പെടില്ല.

# ബൈപ്പാസിൽ യു. ടേൺ

ബൈപ്പാസ് ജംഗ്ഷനിലെ കുരുക്ക് ഏറ്റവുധികം ബാധിക്കുന്നത് ബസുകളെയാണ്. പത്തു മുതൽ മുപ്പതു മിനിറ്റ് വരെയാണ് നഷ്ടം സംഭവിക്കുന്നത്. സിഗ്നൽ ലഭിക്കാൻ കിടക്കുന്ന സമയം ലാഭിക്കാൻ യു. ടേൺ നടപ്പാക്കണമെന്നാണ് ബസ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

പാലാരിവട്ടത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് ബൈപ്പാസിൽ തിരിഞ്ഞ് ഫ്ളൈ ഓവറിന് അപ്പുറത്ത് യു. ടേണെടുത്ത് കാക്കനാട് ഭാഗത്തേയ്ക്ക് പോകാൻ കഴിയും. കാക്കനാടു നിന്ന് വരുന്ന വാഹനങ്ങൾക്ക് മെഡിക്കൽ സെന്ററിന് സമീപത്തും യു. ടേൺ അനുവദിക്കണം.

# സർക്കാർ തീരുമാനിക്കണം

സർക്കാർ നിർദ്ദേശമില്ലാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് പൊലീസും ആർ.ടി.എ അധികൃതരും പറയുന്നത്. സർക്കാർ അടച്ച ഫ്ളൈ ഓവറിലൂടെ വാഹനങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് അവർ പറയുന്നു.

# യു. ടേൺ അനിവാര്യം

ഫ്ളൈ ഓവർ പണി തീരുംവരെ ബൈപ്പാസിൽ യു. ടേൺ സംവിധാനം ഏർപ്പെടുത്തണം. സിഗ്നൽ ഒഴിവാക്കി നാലു വശത്തും ഒരുപോലെ നാലു മിനിറ്റിൽ കടന്നുപോകാൻ ക്രമീകരണം ഏർപ്പെടുത്തണം.

ടി.എസ്. ഷൺമുഖദാസ്, സെക്രട്ടറി പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ

# ചെറുവാഹനങ്ങൾ അനുവദിക്കണം

ചെറുവാഹനങ്ങളെ ഫ്ളൈ ഓവറിലൂടെ കടത്തിവിടാൻ അനുവദിക്കണം. കുരുക്കിൽ നട്ടംതിരിയുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

കെ.എക്സ്. സേവ്യർ ,സെക്രട്ടറി ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ