കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രിയടക്കം ആരോപണമുനയിൽ നിൽക്കുന്ന പാലാരിവട്ടം ഫ്ലൈ ഓവർ അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് വൈകും. അന്വേഷണം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടെങ്കിലും അത് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും ആറ് മാസം വേണ്ടിവരുമെന്നാണ് സൂചന. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാൻ കാലതാമസം എടുക്കുമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വിജിലൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഫ്ളൈഓവർ നിർമാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ മേയ് 7നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
പ്രാഥമിക റിപ്പോർട്ട്
കേസെടുത്തതിന് പിന്നാലെ ദ്രുതഗതിയിലായിരുന്നു തുടർനടപടികൾ. പണിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിൽ നിന്ന് രേഖകൾവരെ പിടിച്ചെടുത്തു. തുടർന്ന് 22 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഫ്ലൈ ഓവറിന്റെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു റിപ്പോർട്ട്. ബലക്ഷയം സംഭവിച്ച പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയാലും പാലം ഭീഷണിയാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. നിലവാരം കുറഞ്ഞ നിർമാണ പ്രവൃത്തിയാണ് നടന്നിട്ടുള്ളത്. സിമന്റ് അടക്കം ആവശ്യത്തിന് ചേർക്കാതെയാണ് കോൺക്രീറ്റ് ചെയ്തതെന്നും പാലത്തിന്റെ നിർമാണത്തിൽ ഉദ്യോഗസ്ഥർ വൻ ക്രമക്കേട് നടത്തിയതായും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്.
പിടിച്ചെടുത്തത് നിർണായക രേഖകൾ
പാലാരിവട്ടം ഫ്ലൈഓവർ അഴിമതിക്കേസിൽ ജൂലായ് 16ന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജിയണൽ ഓഫീസിലും മാനേജിംഗ് ഡയറക്ടറുടെ കാക്കനാട് പടമുകളുള്ള ഫ്ലാറ്റിലും റെയ്ഡ് നടത്തി. ആർ.ഡി.എസ് കമ്പനിക്ക്, തുക കൈമാറിയതിന്റെ രേഖകളും ഇടപാടുകൾ നടത്തിയ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും കണ്ടെടുത്തു. പിന്നീട് ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
അനന്തമായി നീളുന്ന നടപടി
പാലാരിവട്ടം ഫ്ളൈഓവർ 2016 ഒക്ടോബറിൽ ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും 2017 ജൂലായിൽതന്നെ പാലത്തിന്റെ ഉപരിതലത്തിൽ ഒട്ടേറെ കുഴികൾ രൂപപ്പെട്ടു. തുടർന്ന് ദേശീയപാത അതോറിട്ടിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പരിശോധനയിൽ പാലത്തിൽ വിള്ളലുകൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം പൊതുമരാമത്ത് വകുപ്പും പിന്നീട് ചെന്നൈ ഐ.ഐ.ടിയും പഠനം നടത്തി. ഇതോടെ നിർമാണത്തിൽ ക്രമക്കേട് നടന്നത് പുറത്തായി. പിന്നീട് ഫ്ലൈ ഓവറിൽ മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലും പരിശോധന നടന്നു. ഘടനയിൽ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫ്ളൈ ഓവർ അറ്റകുറ്റപ്പണികൾക്കു വേണ്ടി അടച്ചിട്ടിട്ട് രണ്ടു മാസം പിന്നിട്ടു. താത്കാലിക പണികളും ഫലിക്കാതെ വന്നതോടെയാണ് പൂർണമായും അടച്ചത്. മദ്രാസ് ഐ.ഐ.ടിയുടെ വിദഗ്ദ്ധരും സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘവും മെട്രോമാൻ ഇ. ശ്രീധരനും ഫ്ളൈ ഓവർ പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന് നൽകിയെങ്കിലും നടപടികൾ അന്തിമമായി നീളുകയാണ്.