വൈപ്പിൻ: ശ്രീകൃഷ്ണജയന്തി ദിനമായ ഇന്നലെ വൈകിട്ട് വൈപ്പിൻകരയിലെ പ്രധാനവീഥികൾ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ഉണ്ണിക്കണ്ണൻമാർ, ഗോപികമാർ അണിനിരന്ന ശോഭയാത്രകൾ കൊണ്ട് നിറഞ്ഞു. നാമജപം, ഉറിയടി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് ശോഭയാത്രകൾ അണിനിരന്നത്. പ്രളയ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയിരുന്നു.
ബാലഗോകുലം വൈപ്പിൻ നഗറിന്റെ ആഭിമുഖ്യത്തിൽ എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട് പഞ്ചായത്ത് പ്രദേശങ്ങളിലും ബാലഗോകുലം ആലുവ നഗറിന്റെ ആഭിമുഖ്യത്തിൽ കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലും ശോഭായാത്രകൾ നടന്നു.
മുരിക്കുംപാടം അഴീക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ബെൽബോ ഭാഗത്തുള്ള വരദാംബിക ക്ഷേത്രത്തിൽ നിന്നാരംഭിച്ച യാത്രയുമായി സംഗമിച്ച് കാളമുക്ക് മല്ലികാർജുന ക്ഷേത്രത്തിൽ സമാപിച്ചു. പുതുവൈപ്പ് കടപ്പുറം വടക്കുംഭാഗം അല്ലപ്പറമ്പിൽ വസുന്ധരന്റെ വസതി, ആറാട്ടുവഴി കിഴക്കുഭാഗം വലിയപുരയ്ക്കൽ വിഷ്ണുമായ ക്ഷേത്രം, ആറാട്ടുവഴി പടിഞ്ഞാറ് പണിക്കശേരി ഭദ്രകാളിക്ഷേത്ര, പെരുമ്പിള്ളി അഞ്ചലശേരി തുളസിദാസിന്റെ വസതി, എളങ്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം, പൂക്കാട് ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട ശോഭയാത്രകൾ ഞാറക്കൽ ശക്തിധര ക്ഷേത്രത്തിൽ സംഗമിച്ച് പെരുമ്പിള്ളി ബാലഭദ്രദേവീക്ഷേത്രത്തിൽ സമാപിച്ചു.
നായരമ്പലം കൊച്ചമ്പലം, നായരമ്പലം ധർമ്മശാസ്താക്ഷേത്രം, ഭഗവതിക്ഷേത്രം കിഴക്കേഭാഗം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ടവ മഹാശോഭയാത്രയായി നായരമ്പലം ശങ്കരനാരായണ ക്ഷേത്രത്തിൽ സമാപിച്ചു.
എടവനക്കാട് അണിയൽ കടപ്പുറം, ഭുവനേശ്വരി ക്ഷേത്രം, മുരിപ്പാടം, പഴങ്ങാട് എന്നിവിടങ്ങളിൽ നിന്നാരംഭിച്ച യാത്രകൾ അണിയൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിച്ചു. കുഴുപ്പിള്ളി സെയ്തുമുഹമ്മദ്‌റോഡ്, പടിഞ്ഞാറേ കടപ്പുറം, അയ്യമ്പിള്ളി തറവട്ടം, കുഴുപ്പിള്ളി തുണ്ടിപ്പുറം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ടവ കുഴുപ്പിള്ളി ബാലകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു.
മുനമ്പം ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ധർമ്മശാസ്താക്ഷേത്രം കോവിലകത്തുംകടവ് പാഞ്ചജന്യത്തിന്റെ ആഭിമുഖ്യത്തിൽ കോവിലകത്തുംകടവിൽ നിന്നാരംഭിച്ച് ഡിസ്‌പെൻസറി വഴി, അനന്തപുരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച് എസ്.വി. ബസാർവഴി എന്നിങ്ങനെയെത്തിയ ശോഭായാത്രകൾ പള്ളിപ്പുറം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ സമാപിച്ചു.