വൈപ്പിൻ: 2018ലെ പ്രളയകാലത്ത് പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ സേവനങ്ങൾക്ക് ചുക്കാൻ പിടിച്ചവർ മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഓർമ്മകൾ പങ്കുവച്ച് ഒത്തുകൂടി. മെഡിക്കൽ ഓഫീസർ ഡോ. പി. കീർത്തിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ചുമതലയുണ്ടായിരുന്ന പി.ജി. ആന്റണിയുടെ ഏകോപനത്തിലാണ് രാത്രിയും പകലുമായി ക്യാമ്പുകളും മദർക്യാമ്പുകളും ഷെൽട്ടറുകളുമുൾപ്പെടെ രോഗി പരിചരണത്തിനും പകർച്ചവ്യാധി പ്രതിരോധത്തിനുമായി ക്രിയാത്മകമായ ഇടപെടൽ നടത്തിയത്. വലിയ ക്ലേശങ്ങൾ സഹിച്ചു മാതൃകാപരമായി പ്രവർത്തിച്ച ജീവനക്കാരെ അനുമോദിക്കുന്നതിനും ക്ലേശകരമായ സാഹചര്യങ്ങളിലെ ഓർമ്മകൾ പങ്കുവച്ചു നടന്ന സംഗമം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമണി അജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, ഡോ. പി. കീർത്തി, ഡോ. അമൃത കുമാരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സോജി.എം.എ., പി.ജി.ആന്റണി, രതീഷ്‌കെ.വി., മിനി ഫ്രാൻസിസ്, സബിത.കെ.എൻ., ആനി.പി.ഡി., ആനന്ദ് എന്നിവർ പ്രസംഗിച്ചു.

രക്ഷാദൗത്യത്തിലെ പങ്കാളിയായിരുന്ന വി.വി.വിനോദ്കുമാർ, വില്ലേജ് ഓഫീസർമാരായ ലീന.കെ.ഡി, ഷീന രാജൻ, എം.സി.എച്ച് ഓഫീസറായിരുന്ന കൊച്ചുറാണി, ധനീഷ്.വി.പി., ഫെബിൻ ഫ്രാൻസിസ്, എം.കെ.സ്മിത, എൻ.എം.മാർട്ടിൻ, ശാലിനി ജോൺ, സിന്ധു എന്നിവർ ഉൾപ്പെടെയുള്ള 42 ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. പ്രളയാനന്തര പ്രവർത്തനങ്ങൾക്കായി ഒരുമാസത്തെ ശമ്പളം മുഴുവൻ ജീവനക്കാരും നൽകിയ സ്ഥാപനങ്ങളിലൊന്നാണ് മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രം.