വൈപ്പിൻ: ഗോശ്രീ പാലം വഴി എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി - തിരുക്കൊച്ചി ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ആവശ്യപ്പെട്ടു. അമ്പതോളം കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കാൻ നിയമവ്യവസ്ഥയുണ്ട്. അമ്പതിലേറെ ബസുകൾ നിലവിൽ ഗോശ്രീ പാലം വഴി സർവീസ് നടത്തുന്നതിനാൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കണമെന്ന് സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ആവശ്യപ്പെട്ടു.
എളങ്കുന്നപ്പുഴയിലെ സർക്കാർ കോളേജ് അടക്കം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈപ്പിൻകരയിലുണ്ട്. എറണാകുളത്ത് വിവിധ കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികളും കൺസെഷൻ ലഭിക്കാത്തതിനാൽ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുകയാണ്. വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസുകൾക്ക് നഗര പ്രവേശനം ലഭിക്കാത്തതിനാൽ സ്കൂളിലും കോളേജിലുമെത്തണമെങ്കിൽ വിദ്യാർത്ഥികൾക്ക് വീണ്ടും മറ്റു ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
കൂടുതൽ തിരുക്കൊച്ചി ബസുകൾ ചെറായിയിൽനിന്നും ആലുവ ഭാഗത്തേക്കും തോപ്പുംപടി ഭാഗത്തേക്കും സർവീസ് നടത്തേണ്ടതും അത്യാവശ്യമാണ്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന തിരുക്കൊച്ചി ബസുകൾക്ക് സമയ ക്രമീകരണവും ഏർപ്പെടുത്തണം.