ആലുവ: തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐ ആർ. രാജേഷിനെ സംരക്ഷിക്കുന്ന ഡി.ഐ.ജിയുടെ പ്രഥമവിവര റിപ്പോർട്ടിനെതിരെ പൊലീസ് സേനയിൽ കടുത്ത അമർഷം. ഇക്കാര്യത്തിൽ പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ഒരേ നിലപാടിലാണ്.

എസ്.ഐയെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. തടിയിട്ടപറമ്പ് സ്റ്റേഷനിലെ പൊലീസുകാരിൽ നിന്ന് പരസ്യമായാണ് മൊഴിയെടുത്തതെന്നും അതിനാൽ അഭിപ്രായം തുറന്നുപറയാനായില്ലെന്നുമാണ് പരാതി. മാത്രമല്ല എസ്.ഐയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായ ഒരു റൈറ്ററും ഡ്രൈവറുമാണ് എസ്.ഐയെ അനുകൂലിച്ച് മൊഴി നൽകിയതും. മേലുദ്യോഗസ്ഥരുടെ പീഡനത്തിൽ മനംനൊന്ത് സേനാംഗങ്ങൾ ജീവനൊടുക്കുന്ന സ്ഥിതി അതീവ ഗൗരവമാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സേനയുടെ കെട്ടുറുപ്പും ആത്മാർത്ഥതയും നഷ്ടമാകുമെന്നും പൊലീസുകാർ പറയുന്നു.

കുറ്റാരോപിതനായ എസ്.ഐയെ കോട്ടയത്തേയ്ക്ക് സ്ഥലംമാറ്റിയതും പ്രഹസനമാണെന്നാണ് ആക്ഷേപം. മാസങ്ങൾക്ക് മുമ്പ് ഇതേ എസ്.ഐ കോട്ടയത്തേക്ക് സ്ഥലംമാറ്റത്തിനായി അപേക്ഷിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അപേക്ഷ പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആരോപണം. കേസ് അന്വേഷിക്കുന്ന ഡി.ഐ.ജി എസ്. സുരേന്ദ്രനാണ് രണ്ട് പേജുള്ള റിപ്പോർട്ട് എ.ഡി.ജി.പിക്ക് സമർപ്പിച്ചത്. എസ്.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. അവധിയിലായിരുന്ന ബാബുവിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ മെഡിക്കൽ ബോർഡിന് വിടാൻ എസ്.ഐ തീരുമാനിച്ചിരുന്നു. ഇത് മാത്രമാണ് എസ്.ഐ. രാജേഷ് എ.എസ്.ഐക്കെതിരെ സ്വീകരിച്ച നിലപാടെന്നും ഈ കാരണളൊന്നും ആത്മഹത്യാ പ്രേരണാ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്നുമാണ് റിപ്പോർട്ട്.

അതേസമയം എസ്.ഐയെ അനുകൂലിക്കുന്നവരിൽ നിന്ന് മാത്രം മൊഴിയെടുത്ത് എസ്.ഐയെ സംരക്ഷിക്കുന്ന നടപടിയാണ് അന്വേഷണസംഘം സ്വീകരിച്ചിട്ടുള്ളതെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. തടിയിട്ടപറമ്പ് സ്റ്റേഷനിലെ എല്ലാവരിൽ നിന്നും ഒറ്റെക്കൊറ്റയ്ക്ക് മൊഴിയെടുക്കാൻ തയ്യാറാവണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു, നാളെ മുഖ്യമന്ത്രിയെ കാണും

ആലുവ: തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐ ആർ. രാജേഷിനെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് കുട്ടമശേരിയിൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

ഇന്നലെ രാവിലെ കുട്ടമശേരി വായനശാല ഹാളിലായിരുന്നു യോഗം. യോഗസ്ഥലത്ത് നിന്ന് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് നാളെ എറണാകുളം ഗസ്റ്റ് ഹൗസിൽ ചർച്ച നടത്താനും നിശ്ചയിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വിപിനചന്ദ്രൻ, പി.കെ. രമേശ്, വി.വി. മന്മഥൻ, തോപ്പിൽ അബു, എം.എൻ. ഗോപി, പി.ജെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ആരോപണ വിധേയനായ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും പത്ത് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ വിവിധ രാഷ്ട്രീയ - സാമൂഹ്യ - സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സമരപരിപാടികൾ നിശ്ചയിക്കാനുമാണ് തീരുമാനം. അൻവർ സാദത്ത് എം.എൽ.എ (മുഖ്യരക്ഷാധികാരി), കെ.എ. രമേശ് (ചെയർമാൻ) എന്നിവരാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ.