കൊച്ചി :തടിയിട്ട പറമ്പ് എ.എസ്.ഐ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണം നേരിടുന്ന എസ്.ഐ രാജേഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. രാജേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയത് കേസിൽ നിന്ന് രക്ഷിക്കാനാണ്. ഒന്നര വർഷത്തിനിടെ സേനയിലെ നാലാമത്തെ ആത്മഹത്യയാണിത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ഇവയ്ക്ക് കാരണമെന്നു തെളിഞ്ഞിട്ടും കാര്യമായ അന്വേഷണം നടത്താനോ കുറ്റക്കാരെ ശിക്ഷിക്കാനോ തയ്യാറായിട്ടില്ല. പൊലീസിലെ ക്രിമിനലുകളെ പുറത്താക്കാൻ സർക്കാർ നടപടി വേണം. പൊലീസിനെ ജനകീയമാക്കാനും ആധുനികവത്കരിക്കാനും നിയമ നിർമ്മാണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.എം. ഫൈസൽ, അജ്മൽ. കെ. മുജീബ്, ഷീബ സഗീർ, ബാബു വേങ്ങൂർ, നാസർ എളമന, സുധീർ ഏലൂക്കര, ഷാനവാസ് പുതുക്കാട് എന്നിവർ പങ്കെടുത്തു.