balagokulam
ആലുവ നഗരത്തെ അമ്പാടിയാക്കിയ ശോഭായാത്ര പെരുമ്പിള്ളി ക്ഷേത്രത്തിന് മുമ്പിൽ നിന്നാരംഭിച്ചപ്പോൾ

ആലുവ: നൂറുകണക്കിന് ശ്രീകൃഷ്ണ -രാധാ വേഷധാരികളായ ബാലികാബാലന്മാർ അണിനിരന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്ര ആലുവ നഗരത്തെ അമ്പാടിയാക്കി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശോഭായാത്രയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

ബാലികാബാലന്മാർ അമ്പാടിക്കണ്ണന്മാരും രാധികമാരുമായതിന് പുറമെ സ്ത്രീകൾ കേരളീയ വേഷത്തിലും പുരുഷന്മാർ വെള്ളഷർട്ടും കാവിമുണ്ടും ധരിച്ചും ശോഭായാത്രയെ ഏറെ ആകർഷകമായി. താളമേളങ്ങളുടെ അകമ്പടിയോടെ കൈകൊട്ടിയും നൃത്തമാടിയുമാണ് ശോഭായാത്ര നീങ്ങിയത്.

ശോഭായാത്ര വീക്ഷിക്കുന്നതിനായി ജനങ്ങൾ നഗരവീഥികളിൽ തടിച്ചുകൂടി. ടാസ് റോഡിൽ പെരുമ്പിള്ളി ക്ഷേത്രത്തിൽ നിന്നാരംഭിച്ച മഹാശോഭായാത്ര ആർ.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി അദ്ധ്യക്ഷൻ കെ.എസ്. പീച്ചാണ്ടി, ആഘോഷപ്രമുഖ് സി.പി. രമേശ്, ഡോ. അയ്യപ്പൻപിള്ള, ശശി തുരുത്ത്, എം.ആർ. രാജശേഖരൻ, പി.സി. ബാബു, രൂപേഷ് പൊയ്യാട്ട്, എ.എസ്. സലിമോൻ എന്നിവർ നേതൃത്വം നൽകി. നഗരത്തിൽ നടന്ന ശോഭയാത്രക്ക് പുറമെ കീഴ്മാടിലും ശോഭായാത്ര നടന്നു.