പള്ളുരുത്തി: പള്ളുരുത്തിയിലും പരിസര പ്രദേശങ്ങളിലും മാലിന്യനീക്കം നിലച്ചതിനെ തുടർന്ന് വഴിയാത്രക്കാർ ദുരിതത്തിലായി. കൊവേന്ത ജംഗ്ഷനു സമീപം പുവർ ഹോമിനടുത്ത് പ്രവർത്തിക്കുന്ന റേഷൻ കടയുടെ മുന്നിൽ മാലിന്യം കുന്നുകൂടിയതോടെ അഴുക്ക് വെള്ളം റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭാംഗത്തിനെ നേരിൽ കണ്ട് റേഷൻ കട ഉടമ പരാതി പറഞ്ഞിട്ടും ഇതുവരെ പരിഹാരമായില്ല. ഇതിൽ പ്രതിഷേധിച്ച് കൊച്ചി മേയർക്ക് നാട്ടുകാർ ഒപ്പിട്ട ഹർജി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്.കോണം, കച്ചേരിപാടി, പെരുമ്പടപ്പ്, കൊവേന്ത തുടങ്ങിയ സ്ഥലങ്ങളിലേക്കായി ആയിരങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.ഇതിന് സമീപത്ത് തന്നെയാണ് കൊവേന്ത സ്ക്കൂളും പ്രവർത്തിക്കുന്നത്.

പനിക്കാലമായതിനാൽ സാംക്രമിക രോഗങ്ങളും പടർന്ന് പിടിക്കുകയാണ്.പെരുമ്പടപ്പ് - കുമ്പളങ്ങി പാലത്തിൽ യാത്രക്കാരെ സ്വാഗതം ചെയുന്നത് മാലിന്യ കൂമ്പാരമാണ്.ഇതിന് സമീപത്താണ് മാർക്കറ്റും, അംഗണവാടിയും, ആരാധനാലയവും സ്ഥിതി ചെയ്യുന്നത്. കുമ്പളങ്ങി ക്ലീൻ പഞ്ചായത്ത് ആയതോടെ ഇവിടുള്ളവർ പുലർച്ചെയും രാത്രിയുമായി മാലിന്യം ചാക്കിൽ കെട്ടി പാലത്തിനു സമീപം കൊണ്ടു വന്നിടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. മട്ടാഞ്ചേരി ഹാൾട്ടിനു സമീപം കൊച്ചി തുറമുഖ റോഡിൽ ഇരുവശവും മാലിന്യ കൂമ്പാരമാണ്. മൂക്കുപൊത്തിയാണ് സമീപത്ത് ഡ്രൈവിംഗ് ടെസ്റ്റിനായി എത്തുന്നവർ നിൽക്കുന്നത്. കൂടാതെ ഈ ഭാഗത്ത് കക്കൂസ് മാലിന്യവും തട്ടാറുണ്ട്.പെരുമ്പടപ്പ് കോവളം റോഡ് പുഴയോരം കഴിഞ്ഞ കുറെ നാളുകളായി കക്കൂസ് മാലിന്യം തട്ടുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതു മൂലം കായലിലെ മത്സ്യസമ്പത്തിന് ഭീഷണിയായിരിക്കുകയാണ്.

# മാലിന്യം നീക്കം ചെയ്യാൻ നഗരസഭയിൽ തൊഴിലാളികൾ ഇല്ല

#കൊതുക് ശല്യം രൂക്ഷം

കച്ചേരിപ്പടി ആശുപത്രി പരിസരം, ജനതാ ജംഗ്ഷൻ, തോപ്പുംപടി, ചുള്ളിക്കൽ, മട്ടാഞ്ചേരി ടി.ബി.അശുപത്രി പരിസരം, രാമേശ്വരം കനാൽ പരിസരം തുടങ്ങിയ സ്ഥലങ്ങൾ മാലിന്യ കൂമ്പാര കേന്ദ്രങ്ങളാണ്.