കാലടി: നെടുമ്പാശേരി എയർപോർട്ട് പരിസരത്തെ നിർമ്മാണ പ്രവർത്തനങ്ങളും ചെങ്ങൽതോട്ടിലെ ഗതിമാറ്റവും കാരണം കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, നായത്തോട്, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങിയ പ്രദേശങ്ങളിൽ 2018 ലെ പ്രളയത്തിൽ വൻ നാശനഷ്ടമുണ്ടായി. തുടർ നടപടിയൊന്നുമില്ലാതിരുന്നതിനാൽ കഴിഞ്ഞിടെയുണ്ടായ കനത്ത മഴയിൽ വീണ്ടും ഇതേ പ്രദേശത്ത് വീണ്ടും ശക്തമായ വെള്ളപ്പൊക്കമുണ്ടായി.

നിലവിലെ സ്ഥിതി പഠിച്ച് ചെങ്ങൽ തോടിന്റെ നീരൊഴുക്ക് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ മന്ത്രി വി.എസ്. സുനിൽകുമാറിന് നിവേദനം നൽകി. അൻവർ സാദത്ത് എം.എൽ .എ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പ്രശ്നം പരിഹരിക്കാനുള്ള നടപടി ഉടനെ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.