പറവൂർ : വടക്കേക്കര ഗ്രാമ പഞ്ചായത്തിൽ റീബിൽഡ് കേരള, ലൈഫ് പദ്ധതികൾ പ്രകാരം പൂർത്തീകരിച്ച 500 വീടുകളുടെ താക്കോൽദാനം നാളെ (ഞായർ) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് മൂന്നിന് മൂത്തകുന്നം ക്ഷേത്ര മൈതാനിയിലാണ് സമ്മേളനം. ലൈഫ് , കെയർ ഹോം പദ്ധതികളിലും റീബിൽഡ് കേരളയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നാലുലക്ഷം രൂപ ലഭിച്ച ഗുണഭോക്താക്കൾ നിർമിച്ചതുമായ വീടുകളുടെ താക്കോലുകളാണ് കൈമാറുന്നത്. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പഞ്ചായത്തിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ഹൈബി ഈഡൻ എം.പി നിർവഹിക്കും. പ്രളയബാധിതർക്ക് കുടുംബശ്രീ വഴി നടപ്പാക്കിയ റീസർജന്റ് കേരള ലോൺ സ്കീം എന്ന പലിശരഹിത വായ്പാപദ്ധതി മുഖേന പഞ്ചായത്തിലെ 5000 കുടുംബങ്ങൾക്കായി 42 കോടി രൂപ വിതരണം ചെയ്ത് ജില്ലയിൽ ഒന്നാമതെത്തിയ കുടുംബശ്രീ സി.ഡി.എസിനെ കളക്ടർ എസ്.സുഹാസും ഇതിനായി പണം അനുവദിച്ച ബാങ്കുകളെ എസ്. ശർമ്മ എം.എൽ.എയും ആദരിക്കും.
ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷൈല, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, ടി.ആർ. ബോസ്, കെ.പി. വിശ്വനാഥൻ, പി.ആർ. സൈജൻ, എസ്. ജയകൃഷ്ണൻ, കെ.വി. മാലതി, ഏണസ്റ്റ് സി. തോമസ്, ഗീവർഗീസ്, എം.എച്ച്. ഹരീഷ് എന്നിവർ സംസാരിക്കും. സെക്രട്ടറി എം.കെ. ഷിബു റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.യു. ജിഷ നന്ദിയും പറയും.