shobhayathara-paravur-
പറവൂർ നഗരത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്ര

പറവൂർ : ശ്രീകൃഷ്ണ ജയന്തിയുടെ നിറവിൽ നാടും നഗരവും ശോഭായാത്ര കൊണ്ട് നിറഞ്ഞു. ഉണ്ണിക്കണ്ണൻമാരുടേയും രാധമാരുടേയും വേഷം ധരിച്ച കുട്ടികൾ ദൃശ്യവിരുന്നായി. മിക്കയിടങ്ങളിലും ബാലഗോകുലങ്ങളുടെ നേതൃത്വത്തിലാണ് ശോഭായാത്ര നടന്നത്. പീലിത്തിരുമുടി ചൂടിയ ഉണ്ണിക്കണ്ണന്മാരും വർണച്ചേലകൾ ചുറ്റിയ രാധമാരും കൃഷ്ണാവതാര കഥയിലെ വിവിധ ഭാവങ്ങളുടെ ദൃശ്യങ്ങളുമൊക്കെയായി നടന്ന ശോഭായാത്രകൾ ഭക്തിസാന്ദ്രമായിരുന്നു. നഗരത്തിൽ ബാലഗോകുലത്തിന്റെ ശോഭായാത്ര പെരുവാരം മഹാദേവ ക്ഷേത്രം പടിഞ്ഞാറെ നടയിൽ സംഗമിച്ച് നഗരം ചുറ്റി കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ഉറിയടിക്ക് ശേഷമായിരുന്നു ശോഭായാത്ര പുറപ്പെട്ടത്. വാവക്കാട് വാലുങ്കൽ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. വടക്കേക്കര, മൂത്തകുന്നം എന്നിവിടങ്ങളിലും ശോഭായാത്രകൾ ഉണ്ടായിരുന്നു. തത്തപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേയ്ക്കും ശോഭായാത്ര നടത്തി. എളന്തിക്കര മണ്ഡലം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശോഭായത്രയുണ്ടായി. കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാരായണീയം, പ്രസാദഊട്ട്, ഭക്തിഗാനമത്സരം, അഭിഷേകം എന്നിവ നടന്നു. പെരുവാരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ഉണ്ണിഊട്ടിൽ ഒട്ടേറെ കുരുന്നുകൾ പങ്കെടുത്തു. ചേന്ദമംഗലം പാലിയം തൃക്കോവ് ക്ഷേത്രത്തിൽ പുഷ്പാഭിഷേകം, പ്രസാദഊട്ട്, ഭജൻ എന്നിവയുണ്ടായി. നന്തികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശോഭായാത്ര, നൃത്തനൃത്യങ്ങൾ, അഷ്ടമിരോഹിണിപൂജ എന്നിവ നടന്നു.