തൃക്കാക്കര : എറണാകുളം മദ്ധ്യമേഖലാ ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടാതിനെക്കുറിച്ച് അന്വേഷിക്കുന്ന പാർട്ടി കമ്മീഷൻ മുമ്പാകെ എറണാകുളം ജില്ലാ സെക്രട്ടറി പി . രാജുവിനെതിരെ രൂക്ഷവിമർശനം. ഇന്നലെ രാവിലെ 11 മണിമുതൽ ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ സ്റ്റേറ്റ് അന്വേഷണ കമ്മീഷൻ മുമ്പാകെ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങൾ മൊഴികൊടുത്തു. ഭൂരിഭാഗം അംഗങ്ങളും ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ എതിർപ്പ് പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടാണ് ശരിയെന്ന് ഇവർ പറഞ്ഞു.
ജില്ലാ കമ്മിറ്റിയിലെ ചില നേതാക്കൾ ധൃതിപിടിച്ചെടുത്ത തീരുമാനമായിരുന്നു ഐ.ജി. ഓഫീസ് മാർച്ച്. സി.ഐ ഓഫീസ് മാർച്ചെന്നാണ് ആദ്യം അറിയിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതും എം.എൽ.എയ്ക്ക് അടക്കം ലാത്തിയടിയിൽ പരിക്കേറ്റതും പാർട്ടിക്ക് ക്ഷീണമായതായും അംഗങ്ങൾ അന്വേഷണ കമ്മീഷൻ മുമ്പാകെ പറഞ്ഞു. ചിലരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സംഭവങ്ങൾ വളച്ചൊടിച്ച് പ്രചരണം നൽകിയ ജില്ലാ നേതൃത്വത്തിന്റെ പേരിൽ ശക്തമായ നടപടി ഉണ്ടാകണമെന്ന് കമ്മീഷനു മുമ്പാകെ നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി നേതൃത്വവുമായി ആലോചിക്കാതെ പാലാരിവട്ടം ഫ്ളൈഓവർ സമരത്തിൽ നിന്ന് സി.പി.ഐ പിൻമാറാൻ ജില്ലാ സെക്രട്ടറി നൽകിയ നിർദ്ദേശത്തിനെതിരെ വിമർശനം ഉയർന്നുവന്നു. കെ.പി. രാജേന്ദ്രൻ, പി.സി. സുനീർ, വി. ചാമുണ്ണി എന്നിവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.